Thursday 15 January 2015

മാതാപിതാഗുരുദൈവം??!!!



"മാതാപിതാഗുരുദൈവം"
ചെറുപ്പം മുതലേ നമ്മള്‍ കേട്ടുവളര്‍ന്ന ഈ ആപ്തവാക്യത്തിന്‍റെ പ്രസക്തി അനുദിനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പഴയകാലത്തെ വിദ്യാഭ്യാസ സംസ്ക്കാരത്തെയും നിലവിലുള്ളതിനെയും കുറിച്ച് ഒരു അവലോകനം നടത്തുന്നത് ഉചിതമാണെന്നു തോന്നുന്നു.
പണ്ടുകാലത്ത് വിദ്യ അഭ്യസിക്കാന്‍ കുട്ടികള്‍ വീട് വിട്ടു പുറത്തിറങ്ങിയാല്‍പ്പിന്നെ തിരിച്ചെത്തുന്നതു വരെ അദ്ധ്യാപകരുടെ നിയന്ത്രണത്തിലായിരിക്കും. മാതാപിതാക്കളേക്കാള്‍ കുറച്ചു കൂടി ഭയഭക്തി ബഹുമാനങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകരോട് കാണിച്ചിരുന്നു. കാരണം, ഗുരുക്കള്‍ അവര്‍ക്കു അനുദിനം പകര്‍ന്നു കൊടുക്കുന്ന പുത്തന്‍ അറിവുകള്‍ അവരില്‍ വിസ്മയവും ബഹുമാനവും ജനിപ്പിച്ചിരുന്നു. മാത്രമല്ലാ, തെറ്റുകള്‍ ചെയ്യുമ്പോള്‍ അവരില്‍ നിന്നും ലഭിക്കുന്ന ചെറു ശിക്ഷകളും ഉപദേശങ്ങളും, ഒരു സാമൂഹ്യജീവിയായി എങ്ങനെ കഴിയാം എന്നൊക്കെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രബോധനങ്ങളും ഒക്കെ അദ്ധ്യാപകരെ ദൈവതുല്യരായി കാണാന്‍ വിജ്ഞാനകുതുകികളായ വിദ്യാര്‍ത്ഥികള്‍ക്കു പ്രചോദനങ്ങള്‍ നല്‍കിയിരുന്നു.
പൌരാണിക കാലത്തില്‍ എന്ന പോലെ അരയാല്‍ത്തറയിലും ആശ്രമത്തിലും ഒന്നുമായിരുന്നില്ലാ വിദ്യാലയങ്ങള്‍ എങ്കിലും പുരാതനകാലത്തെ ഗുരുകുല വിദ്യാഭ്യാസത്തിനോട് സാമ്യത പുലര്‍ത്തുന്ന ഒരു വിദ്യാഭ്യാസരീതി തന്നെയായിരുന്നു സമീപകാലത്തിനു മുമ്പ് വരെ നമ്മള്‍ പിന്തുടര്‍ന്നു വന്നിരുന്നത്. ഗുരു എന്നു കേട്ടാല്‍ത്തന്നെ കുട്ടികളില്‍ ഒരു ബഹുമാനബോധം ഉടലെടുക്കും. അവര്‍ പറയുന്നതെന്തും മറുചിന്തകള്‍ കൂടാതെ ഹൃദയത്തിലേക്കാവാഹിക്കും. മാതാപിതാക്കള്‍ വരെ ഗുരുക്കള്‍ പറയുന്ന കാര്യങ്ങള്‍ അതേപടി അനുസരിച്ചിരുന്ന ആ കാലം ഒരു ചരിത്രമായത് വളരെ വേഗത്തിലായിരുന്നു. മാഷ്‌, ടീച്ചര്‍ എന്നൊക്കെ അഭിസംബോധന ചെയ്യുമ്പോള്‍ മനസ്സ് നാമറിയാതെത്തന്നെ ബഹുമാനപൂരിതമാകും.
കാലം പുരോഗമിക്കുംതോറും വിദ്യാഭ്യാസ സംസ്ക്കാരത്തിന്‍റെ കെട്ടിലും മട്ടിലും വന്ന സ്ഫോടനാത്മകമായ മാറ്റങ്ങള്‍ 'മാതാപിതാഗുരുദൈവം' എന്നതിനെ പഴംകഥയാക്കി. പാശ്ചാത്യശക്തികളുടെ സ്വാധീനം ഭാരതീയ വിദ്യാഭ്യാസ സംസ്ക്കാരത്തെ മൊത്തത്തില്‍ വിഴുങ്ങുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം.
പണ്ടുകാലത്ത് വിദ്യ അഭ്യസിക്കുന്നതിനോടൊപ്പം തന്നെ കുടുംബത്തിന്‍റെയും സമൂഹത്തിന്റെയും ചട്ടകൂടുകളില്‍ നിന്നു കൊണ്ടു മുതിര്‍ന്നവരെ ബഹുമാനിക്കാനും കുലീനമായി പെരുമാറാനും ഉള്ള പരിശീലനവും അവരറിയാതെത്തന്നെ കുട്ടികള്‍ക്ക് സിദ്ധിച്ചിരുന്നു. ദൌര്‍ഭാഗ്യവശാല്‍, ഇന്നത്തെ വിദ്യാഭ്യാസ സംസ്ക്കാരം അവരെ അതിനനുവദിക്കുന്നില്ല. പണ്ടൊക്കെ മുതിര്‍ന്നവര്‍ പറയുന്നത് കുട്ടികള്‍ക്ക് വേദവാക്യം ആയിരുന്നെങ്കില്‍ ഇന്നത്തെ കുട്ടികളുടെ വാശികള്‍ക്ക് മുതിര്‍ന്നവര്‍ വശംവദരാവുന്ന സാഹചര്യമാണ്. കുട്ടികള്‍ ആവശ്യപ്പെടുന്നതൊക്കെ, അതു ആവശ്യമാണോ അനാവശ്യമാണോ എന്നു നോക്കാന്‍ മെനക്കെടാതെ അതേപടി സാധിച്ചു കൊടുക്കുക എന്നതാണ് തങ്ങളുടെ കര്‍ത്തവ്യം എന്നു കരുതുന്ന മാതാപിതാക്കളാണ് ഇന്നുള്ളത്.
വലിയ ഫീസ്‌ കൊടുത്ത് ആംഗലേയ ഭാഷയില്‍ വിദ്യ അഭ്യസിക്കുന്നവരാണ് ഇന്നത്തെ കുട്ടികളില്‍ ഏറിയ പങ്കും. അവര്‍ കൊടുക്കുന്ന പണത്തില്‍ നിന്നും പ്രതിഫലം പറ്റുന്ന അദ്ധ്യാപക വേലക്കാരെ അവര്‍ക്കു പുച്ഛമാണ്. ഒരു കുട്ടി തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കാനുള്ള അധികാരം ഇന്നു അദ്ധ്യാപകര്‍ക്കില്ല. അഥവാ അങ്ങനെയെന്തെങ്കിലും ചെയ്‌താല്‍ ക്രിമിനല്‍ കുറ്റത്തിന് അദ്ധ്യാപകര്‍ക്കെതിരെ കേസു കൊടുക്കുന്നത് അവരുടെ മാതാപിതാക്കളായിരിക്കും. എന്തിനാ ഇത്തരം പൊല്ലാപ്പുകള്‍ എടുത്തു തലയില്‍ വയ്ക്കുന്നെ എന്ന ചിന്തയില്‍ അദ്ധ്യാപകരും പണ്ടത്തെപ്പോലെ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നത് നിര്‍ത്തി അല്ലെങ്കില്‍ നിര്‍ത്തേണ്ടി വന്നു എന്നു അനുമാനിക്കാം.
ഒട്ടുമിക്ക സ്കൂളുകളിലും മലയാളത്തില്‍ സംസാരിക്കുക എന്നു പറയുന്നത് കൊലപാതകക്കുറ്റത്തിനെക്കാള്‍ വലിയ പാതകമാണ്. കുട്ടികള്‍ മലയാളം പറഞ്ഞതിന്‍റെ പേരില്‍ എന്തൊക്കെ പഴികളാണ് ഇന്നു സ്കൂള്‍ മാനേജ്മെന്റുകളില്‍ നിന്നും കുട്ടികളും മാതാപിതാക്കളും ഏറ്റുവാങ്ങേണ്ടി വരുന്നത്. കുട്ടികള്‍ വരുന്ന സ്കൂള്‍ ബസ്സില്‍ ജോലിക്കു വരുന്ന അദ്ധ്യാപകര്‍ക്ക് കുട്ടികള്‍ ഇരുന്നു കഴിഞ്ഞു ബാക്കി സീറ്റ് ഉണ്ടെങ്കില്‍ മാത്രം അതില്‍ ഇരിക്കാന്‍ അനുവാദം കൊടുക്കുന്ന മാനേജ്മെന്റുകള്‍. പണ്ടുകാലത്തിനു വിപരീതമായി, വെഹിക്കിള്‍ ഫീസ്‌ അടക്കുന്നത് കുട്ടികളാണ് എന്ന കാരണത്താല്‍, കുട്ടികള്‍ ഇരുന്നും അദ്ധ്യാപകര്‍ പരിചാരകരെപ്പോലെ നിന്നും യാത്ര ചെയ്യുമ്പോള്‍, കുട്ടികളുടെ മനസ്സില്‍ അദ്ധ്യാപകരെക്കുറിച്ചുണ്ടാകുന്ന ചിത്രം എന്തായിരിക്കും എന്നു ഊഹിക്കാവുന്നതല്ലേ ഉള്ളൂ. പഴയ തലമുറയിലെ ആര്‍ക്കെങ്കിലും അവരെ പഠിപ്പിച്ച അധ്യാപകര്‍ നില്‍ക്കുന്നത്രെ കണ്ടാല്‍ ഇരിപ്പുറയ്ക്കുമോ?
ഫീസ്‌ അടയ്ക്കുന്ന കാരണത്താല്‍, മാതാപിതാക്കളും അദ്ധ്യാപകരോട് അദ്ധ്യാപനത്തൊഴിലാളികള്‍ എന്ന വില കുറഞ്ഞ രീതിയിലാണ് പെരുമാറി വരുന്നത്. തങ്ങള്‍ കൃത്യമായി ഫീസ്‌ അടച്ചിട്ടും എന്താണ് കുട്ടികള്‍ക്ക് മാര്‍ക്ക് കുറയുന്നത് എന്നു വളരെ കര്‍ക്കശമായി അവര്‍ തര്‍ക്കിക്കുന്നതു കാണുമ്പോള്‍ സങ്കടം തോന്നും. മാത്രമല്ല അദ്ധ്യാപകരെക്കുറിച്ച് മാനേജ്മെന്റിനോട് പരാതി പറയുകയും ചെയ്യുന്നു. കുട്ടികള്‍ നേരാംവണ്ണം പഠിക്കാത്തതിന് അദ്ധ്യാപകര്‍ എന്തു പിഴച്ചു?.
കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ നിന്നും അണുകുടുംബങ്ങളിലേക്കുള്ള മാറ്റം സൃഷ്ടിച്ച പ്രത്യാഘാതങ്ങളില്‍ സുപ്രധാനമായ ഒന്നാണ് ഇതും. മുതിര്‍ന്നവരോടും അദ്ധ്യാപകരോടും എന്തിന് മാതാപിതാക്കളോടു വരേയും പണ്ടത്തേപ്പോലെ കുട്ടികള്‍ക്കിന്നു ബഹുമാനമില്ല. ഇന്നത്തെ കുട്ടികള്‍ക്ക് പണ്ടത്തേപ്പോലെ കളിക്കൂട്ടുകാരില്ല. കമ്പ്യൂട്ടറും ടാബ്ലറ്റും സ്മാര്‍ട്ട്‌ ഫോണുകളുമായി മല്ലടിച്ച് അവര്‍ ഒഴിവുസമയങ്ങള്‍ ചെലവഴിക്കുന്നു. സ്കൂളില്‍ വരുമ്പോള്‍ മാത്രം കണ്ടുമുട്ടുന്ന സഹപാഠികളോട് അവര്‍ക്കുള്ള വികാരം മാല്സര്യബുദ്ധി മാത്രം.
ഇതെല്ലാം കാണുമ്പോളും അനുഭവിക്കുമ്പോളും പള്ളിക്കൂടത്തില്‍ പോയിരുന്ന ആ പഴയകാലത്തേക്കു ഓര്‍മ്മകള്‍ പാഞ്ഞുപോകും. പണ്ടത്തെ കുട്ടികളുടെ പള്ളിക്കൂടം പോക്ക് ശരിക്കും ഒരു ആഘോഷം തന്നെയായിരുന്നു. മിക്കവാറും നടന്നു പോകാവുന്ന ദൂരത്തിലുള്ള സ്കൂളുകളില്‍ തന്നെയായിരിക്കും വിദ്യാഭ്യാസം. പോകുന്ന വഴിക്കുള്ള വീടുകളിലെ കൂട്ടുകാരെയെല്ലാം കൂട്ടി തോടുകളിലും വെള്ളക്കെട്ടുകളിലും ഒക്കെ ഇറങ്ങിത്തിമിര്‍ത്തും കാണുന്ന മാവിലോക്കെ കല്ലെറിഞ്ഞു മാങ്ങ വീഴ്ത്തിയും, വീട്ടുകാര്‍ കാണാതെ അവരുടെ തൊടികളിലെ പേരക്കയും ഇരിമ്പന്‍ പുളിയും ചാമ്പക്കയുമൊക്കെ പറിച്ചു പങ്കു വച്ചു തിന്നും, പൂന്തോട്ടങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന പുഷ്പങ്ങള്‍ ഇറുത്തും കലപില കൂട്ടി സന്തോഷിച്ചും പരസ്പ്പരം സ്നേഹിച്ചും അരങ്ങുതകര്‍ത്തിരുന്ന ആ സുവര്‍ണ്ണകാലം..
ഇന്നത്തെപ്പോലെ സ്കൂള്‍ ബസ്സൊന്നും അന്നുണ്ടായിരുന്നില്ല എന്നു മാത്രമല്ലാ യൂണിഫോറമോ കോട്ടും സ്യൂട്ടും ടൈയ്യുമോ എന്തിന്, പാന്‍റ്സ് ധരിക്കുന്ന കുട്ടികള്‍ വരെ അന്നുണ്ടായിരുന്നില്ല. പത്തുമണിക്ക് ക്ലാസ് തുടങ്ങാനുള്ള മണിയടിക്കുന്നതിനും മുമ്പ് ക്ലാസ്സില്‍ ഹാജരാവണം. നാലുമണിക്ക് സ്കൂള്‍ വിടാനുള്ള മണിനാദവും പ്രതീക്ഷിച്ചുകൊണ്ട് പുസ്തകസഞ്ചിയും ചോറ്റുപാത്രങ്ങളുമൊക്കെ ഒരുക്കിവച്ച് അക്ഷമരായി ഇരിക്കുന്ന കുട്ടികള്‍. സ്കൂളില്‍പ്പോയി തിരിച്ചെത്തുന്ന കുട്ടികളെ കണ്ടാല്‍ പാടത്തെ ചെളിയില്‍ പണിയെടുക്കാന്‍ പോയവരെപ്പോലെ തോന്നിപ്പിക്കും. വസ്ത്രങ്ങളെല്ലാം അഴുക്കു പുരണ്ടു ഒരുമാതിരിയായിരിക്കും. പണ്ടെല്ലാം വെള്ളിയാഴ്ച്ചകള്‍ വന്നെത്തുമ്പോള്‍ കുട്ടികളില്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷമായിരുന്നു. ശനിയും ഞായറും മുടക്കാണല്ലോ എന്ന സന്തോഷം. ഇന്നത്തെ കുട്ടികള്‍ക്ക് ശനിയാഴ്ച്ചയും പഠനം ഉണ്ട്. അല്ലാത്ത പക്ഷം ട്യൂഷന്‍, സംഗീതം, നൃത്തം, ചിത്രരചന, ആയോധനകലകള്‍ എന്നിവ അഭ്യസിക്കാന്‍ പോകുന്നതുകൊണ്ട്‌ കൂട്ടുകാരുമായുള്ള ഉല്ലാസത്തിനുള്ള അവരുടെ അവസരം നഷ്ടമാകുന്നു. എല്ലാ രംഗത്തും ഒന്നാമതാവണം എന്നുള്ള മല്സര ബുദ്ധിയാണ് ഈ ശോചനീയാവസ്ഥ സൃഷ്ടിക്കുന്നത്.
വീട്ടിലെത്തി കാപ്പികുടി കഴിഞ്ഞവഴി ഒരോട്ടമാണ് പറമ്പിലേക്ക്.. പിന്നെ കൂട്ടുകാരുമൊത്ത് സന്ധ്യവരെ പലതരം കളികള്‍ തന്നെ. ഇരുട്ടു വീഴുന്നതോടെ വീട്ടില്‍ നിന്നും അമ്മ നീട്ടിവിളിക്കും. അപ്പോള്‍ത്തന്നെ കളികള്‍ എല്ലാം നിര്‍ത്തി എല്ലാവരും പിരിഞ്ഞു അവരവരുടെ വീടുകളിലേക്ക് പോകും. പിന്നെ കുളി, നാമം ചൊല്ലല്‍ അത് കഴിഞ്ഞു പഠിപ്പ്. ഏകദേശം രാത്രി എട്ടുമണിയാവുമ്പോഴേക്കും അത്താഴം കാലാക്കി അമ്മ ഉണ്ണാന്‍ വിളിക്കും. വീട്ടിലെ കുട്ടികള്‍ എല്ലാവരും നിരന്നിരുന്നു ആദ്യം കഴിക്കും. പിന്നീട് മുതിര്‍ന്നവര്‍. ഹോം വര്‍ക്കുകള്‍ ചെയ്തു തീരാത്തവര്‍ ഉണ്ടെങ്കില്‍ ഊണിനു ശേഷം ഇരുന്നു ചെയ്യും. എങ്ങനെപ്പോയാലും പരമാവധി ഒമ്പതരയ്ക്കുള്ളില്‍ ഉറങ്ങാന്‍ കിടന്നിരിക്കും. ഇന്നത്തെ കുട്ടികളില്‍ ആര്‍ക്കാണ് രാത്രി പതിനൊന്നുമണിയെങ്കിലുമാവാതെ ഉറങ്ങാന്‍ സാധിക്കുക?അത്രമാത്രം പഠനഭാരം ആണ് ഇന്നു ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഉള്ളത്. അഥവാ പഠിക്കാന്‍ ഇല്ലെങ്കിലും അവര്‍ രാത്രി വൈകി വരെ ടിവിയുടെ മുന്നില്‍ ചെലവഴിക്കും.
ഇന്നത്തെ കാലത്ത് മൂന്നര വയസ്സില്‍ കുട്ടികളെ നഴ്സറിയില്‍ ചേര്‍ക്കുന്നതോടെ വലിയൊരു ഉത്തരവാദിത്ത്വം തലയില്‍ കയറ്റി വച്ച് അവരുടെ ചിന്തകളെ വേറൊരു തലത്തിലേക്ക് മേയാന്‍ വിടുകയും ആ പ്രായം മുതല്‍ വീടിനു പുറത്തേക്ക് വിടാതെ അടച്ചു വളര്‍ത്തുകയും ചെയുന്നു... മണ്ണ് വാരി കളിക്കാനോ മറ്റുള്ള കുട്ടികളോട് ചേര്‍ന്ന് ഉല്ലസിക്കാനോ ഇവര്‍ക്ക് അവസരം കിട്ടുന്നില്ല.. ചുമട്ടു തൊഴിലാളികളേക്കാള്‍ കഷ്ടമാണ്.. എടുത്താല്‍ താങ്ങാന്‍ വയ്യാത്ത പുസ്തക സഞ്ചിയും എത്ര ചെയ്താലും തീരാത്ത ഹോം വര്‍ക്കും. കുട്ടികളെക്കൊണ്ട് ഒരു യന്ത്രമനുഷ്യനെ വെല്ലുന്ന രീതിയില്‍ കഠിനാദ്ധ്വാനം ചെയ്യിച്ച് അവരുടെ മാനസിക വളര്‍ച്ചയെ മുരടിപ്പിച്ചുകൊണ്ട്‌ വളര്‍ത്തുന്നത് ബോധപൂര്‍വ്വം നമ്മള്‍ അച്ഛനമ്മമാര്‍ തന്നെയാണ്. ഫാസ്റ്റ് ഫുഡ്‌ സംസ്ക്കാരവും അലോപ്പതി മരുന്നുകളുടെ നിരന്തമായ ഉപയോഗവും കുട്ടികളില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്
നന്നായി പഠിച്ചു പരീക്ഷ എഴുതി, നല്ല മാര്‍ക്ക് വാങ്ങി തരക്കേടില്ലാത്ത ജോലിയില്‍ പ്രവേശിക്കാമെന്നല്ലാതെ പ്രായോഗികമായ അറിവോ ക്രിയാത്മകതയോ സമൂഹത്തോട് സാമാന്യരീതിയില്‍ ഇടപഴകാനുള്ള സംസ്ക്കാരമോ വിദ്യാഭ്യാസം കൊണ്ട് ഇവര്‍ നേടുന്നില്ല.
അനുഭവങ്ങളില്‍ അധിഷ്ടിതമായ ഒരു പഠനമല്ല നടക്കുന്നത്.
ഇന്നത്തെ കുട്ടികള്‍ക്ക് പരാജയങ്ങളെ നേരിടാനും അതില്‍നിന്നു കരകയറി മുന്നോട്ടു പോകാനുമുള്ള ആത്മവിശ്വാസം വളരെ കുറവാണ്. പണ്ടുകാലത്ത് സാധുക്കള്‍ക്ക് ദാനധര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അത് കുട്ടികളെ കൊണ്ടു ചെയ്യിച്ചു അവരില്‍ സഹായമാനോഭവം വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറയ്ക്കു അയല്‍പ്പക്കത്ത് ആരാണ് താമസിക്കുന്നത് എന്ന് പോലും അറിയില്ലാ എന്നത് ഖേദകരം തന്നേ. സമൂഹവുമായി ബന്ധങ്ങള്‍ ഇല്ലാത്തതുകാരണം ആളുകളെ നേരിടാനും ബന്ധപ്പെടാനും ഉളള വിമുഖതയില്‍ സൈബര്‍ ബന്ധങ്ങളിലൂടെ മറഞ്ഞിരുന്നു കൂട്ടുകൂടാനാണ് ഇന്നത്തെ തലമുറയ്ക്ക് താല്പര്യം..
കച്ചവട രീതിയില്‍ ഉളള ഇന്നത്തെ വിദ്യാഭ്യാസനയങ്ങള്‍ ചന്തയില്‍ നിന്ന് സാധങ്ങള്‍ വാങ്ങുന്ന രീതിയിലേക്ക് മാറി കൊണ്ടിരിക്കുന്നു. ഒരേ സ്കൂളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ രണ്ടും മൂന്നും യൂണിഫോമുകളും, സ്കൂളിന്‍റെ പേര് പ്രിന്‍റ് ചെയ്ത ബാഗും പുസ്തകങ്ങളും ഒക്കെ വാങ്ങാന്‍ കുട്ടികളെ മാനേജ്മെന്റ്റ് ബാധ്യസ്ഥരാക്കുന്നു. വന്‍തുകയാണ് ഇന്നു മാതാപിതാക്കള്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ ചെലവഴിക്കേണ്ടി വരുന്നത്. അതിനു വേണ്ടി അവര്‍ക്കു ജോലിക്കു പോകേണ്ടി വരുന്നതിനാല്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ വേണ്ടത്ര സമയം കിട്ടുന്നില്ല എന്നതും ഇക്കാലത്ത് കുട്ടികളെ ഒരു ശാപമായി ഗ്രസിച്ചിരിക്കുന്നു. മുത്തശ്ശിക്കഥകളും കേട്ടു മുതിര്‍ന്നവരുടെയും കുടുംബാംഗങ്ങളുടെയും സ്നേഹവാത്സല്യങ്ങള്‍ അനുഭവിച്ചറിഞ്ഞു വളര്‍ന്നിരുന്ന പണ്ടത്തെ കുട്ടികളുമായി താരതമ്യം ചെയുമ്പോള്‍ ഇന്നത്തെ കുട്ടികളുടെ അവസ്ഥ ശോചനീയമാണ്. വ്യക്തിബന്ധങ്ങളുടെ മൂല്യം ഇവര്‍ക്കറിയില്ല. അതാണ്‌ സ്വന്തം സഹോദരിയെ വരെ ഒരു സ്ത്രീ എന്ന രീതിയില്‍ മാത്രം പരിഗണിക്കുവാനും അവര്‍ക്കെതിരെ പീഡനങ്ങള്‍ അഴിച്ചു വിടാനും വരെ പുത്തന്‍ തലമുറയെ പ്രേരിതമാക്കുന്നത് എന്നാണു എന്‍റെ അഭിപ്രായം.
മേല്‍പ്പറഞ്ഞ മൂല്യച്യുതികള്‍ എല്ലാം ആരും ബോധപൂര്‍വ്വം സൃഷ്ടിച്ചെടുക്കുന്നതാണ് എന്നു ഞാന്‍ പറയുന്നില്ല. മാറുന്ന കാലഘട്ടത്തിനനുസൃതമായി സംഭവിക്കുന്ന മാറ്റങ്ങളാണ് ഇതൊക്കെ. പക്ഷെ, ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തൊരു മനസ്സിന്‍റെ വേവലാതികള്‍ മാത്രമായി ഈ കുറിപ്പിനെ കണ്ടാല്‍ മതി.
----------- മീനു

2 comments:

  1. മീനു, ലേഖനം നന്നായിട്ടുണ്ടു്. കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേക്കുള്ള പരിണാമം, കുടുംബങ്ങളിൽ ഒന്നോ രണ്ടോ കുട്ടികൾമാത്രമായത് തുടങ്ങിയവ സാമൂഹിക ജീവിതപരിശീലനം ബാല്യത്തിലേ തുടങ്ങാനുള്ള സാഹചര്യങ്ങളില്ലാതാക്കി.

    എല്ലാം സാമ്പത്തികനേട്ടത്തിന്റെ അളവുകോൽവച്ചു മാത്രം വിലയിരുത്തിത്തുടങ്ങിയപ്പോൾ വിദ്യാഭ്യാസവും ആതുരസേവനവുമെല്ലാം കച്ചവടമായിത്തീർന്നിരിക്കുന്നു.

    അണുകുടുംബങ്ങളിലെ അടുത്ത തലമുറ ജീവിതത്തിലേക്കു കടന്നപ്പോൾ സമൂഹത്തിൽ വിവാഹമോചനങ്ങളുടെ വേലിയേറ്റമായി. ഇപ്പോൾ കെട്ടുറപ്പില്ലാത്ത ഇത്തരം മാതാപിതാക്കൾക്കു ജനിച്ച ന്യൂജനറേഷൻ മക്കളുടെ യൗവ്വനകാലമാണ്..

    മാതാപിതാഗുരു ദൈവം എന്നതു പറഞ്ഞു പറഞ്ഞുറപ്പിച്ച ഒരു തെറ്റാണ്. മാതാപിതാഗുരു ദൈവതം എന്നാണു ശരി. മാതാവും പിതാവും ഗുരുവും ദൈവതുല്യർ

    ReplyDelete
  2. മീനുവിനു് ഇങ്ങനെയൊരു ബ്ലോഗുള്ള കാര്യം നേരത്തെ അറിയില്ലായിരുന്നൂട്ടോ. യാദൃശ്ചികമായാണ് ഇതു വായിച്ചതും കമന്റിട്ടതും. മനസ്സിലെ കൂട്ടുകാർക്കെല്ലാം ഞാൻ ഇതിന്റെ ലിങ്കു കൊടുക്കുന്നുണ്ട്

    ReplyDelete