Wednesday 14 January 2015

സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ...



പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങളാലലംകൃതമായ ചന്ദ്രിക നെയ്തൊരു  വെണ്മണിപ്പായയാം വിഹായസ്സിലൂടെ  രത്നങ്ങള്‍ പതിപ്പിച്ച അരയന്നച്ചിറകുള്ള സ്വര്‍ണ്ണരഥത്തില്‍ സൂര്യനെ വെല്ലുന്ന കാന്തിയുള്ള  രാജകുമാരനോടൊപ്പം നമ്രമുഖിയായി അവള്‍ സ്വയം മറന്നിരിക്കുകയായിരുന്നു.
യുവകോമളന്റെ ബലിഷ്ടമായ കരവലയം സ്നേഹലാളനങ്ങള്‍ക്കൊപ്പം സുരക്ഷിതത്വവും തീക്ഷ്ണമായ ആ കണ്ണുകള്‍ സൂര്യതേജസ്സും ചൊരിഞ്ഞു കൊണ്ടിരുന്നു.

"നീയില്ലാതെ ഒരു നിമിഷമില്ല.. നിന്നെ മറ്റൊരാള്‍ക്കും വിട്ടു കൊടുക്കില്ല ഞാന്‍.. നീയാണെന്റെ ജീവനും ജീവശ്വാസവും.." രാജകുമാരന്‍ കാതുകളില്‍ മന്ത്രിക്കുന്നത് കേട്ട് അവള്‍ കോരിത്തരിച്ചു.

കാറ്റില്‍ പറന്നു കളിക്കുന്ന അവളുടെ കുറുനിരകളില്‍ അവന്‍ തഴുകുമ്പോള്‍ അവളുടെ മനസ്സില്‍ ആയിരം പൂത്തിരികള്‍ വെളിച്ചം വിതറി.

അവളുടെ അധരദളങ്ങള്‍ അവന്റെ പ്രണയ നിശ്വാസങ്ങള്‍ പുളകത്തോടെ ഏറ്റു വാങ്ങി.

അടരാനാവാത്ത വിധം അലിഞ്ഞു ചേര്‍ന്ന സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍ക്ക് ചാരുതയേകാന്‍ ദേവാംഗനകള്‍ സ്വര്‍ണ്ണച്ചാമരം വീശി.

ആ നിര്‍വൃതിയില്‍ അവളുടെ തരളിത മാനസം ആനന്ദ നൃത്തം ചവിട്ടി.

"ദുഖങ്ങളേ.. നിങ്ങള്‍ക്കിനി എന്നെന്നേക്കും വിട. നിങ്ങളോട് സല്ലപിക്കാന്‍ ഇനി എനിക്ക് നേരമുണ്ടായെന്നു വരില്ല. എനിക്ക് ഒട്ടും നന്ദിയില്ല എന്ന് നിങ്ങള്‍ കരുതരുത്. എനിക്ക് നന്ദി മാത്രം.. കാരണം ഈ അസുലഭ സുഖനിമിഷങ്ങളുടെ മൂല്യം ആസ്വദിക്കുവാന്‍ എന്നെ പ്രാപ്തയാക്കിയത് നിങ്ങളല്ലേ..നിങ്ങളോടൊത്തുള്ള സഹവാസമായിരുന്നില്ലേ?.." 

നിറഞ്ഞ മനസ്സോടെ അവള്‍ അവന്‍റെ മാറിലേക്ക്‌ ചാഞ്ഞു ശയിച്ചു.

"ഡീ പെണ്ണേ.. നേരം വെളുത്തു. എണീക്കാറായില്ലേ.." 

സരസ്വതിയമ്മയുടെ ആക്രോശം അവളെ സ്വപ്നരഥത്തില്‍ നിന്നും പെട്ടെന്ന് അഗാധ ഗര്‍ത്തത്തിലേക്ക് തള്ളിയിട്ടു.

"ആരാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ?..  ഞാനിപ്പോള്‍ എവിടെയാണ്.. എവിടെ എന്‍റെ ജീവന്റെ ജീവനായ രാജകുമാരന്‍? സ്വര്‍ണ്ണരഥം എവിടെ?.."

കണ്ണുകള്‍ തുറന്നു അവള്‍ ചുറ്റും പകച്ചു നോക്കി.

"ങേ... താനൊരു കീറപ്പായയിലോ? എന്‍റെ കൃഷ്ണാ.. ഇത്ര പെട്ടെന്ന് ആരെന്നെ ഇവിടെ കൊണ്ട് വന്നിട്ടു?"

"നിന്നെ കെട്ടാന്‍ പല്ലക്കില്‍ വരണ രാജകുമാരനെ സ്വപ്നം കണ്ടു കിടക്കാവുംല്ലേ.. വേഗം ചെന്ന് അടുപ്പില്‍ തീ പൂട്ടാന്‍ നോക്ക് പെണ്ണേ .."

സരസ്വതിയമ്മയുടെ വായില്‍ നിന്നും വീണ്ടും തെറിച്ചു വീണ ശകാരങ്ങള്‍ നിമിഷനേരം കൊണ്ട് അവളെ യാഥാര്‍ത്ഥ്യലോകത്തിലേക്ക് മടക്കി.

അടുക്കള മുറ്റത്തു ഉമിക്കരി കൊണ്ട് പല്ല് തേച്ചു ഉലാത്തുമ്പോള്‍ സീതയുടെ കാതുകളില്‍ സരസ്വതിയമ്മയുടെ വാക്കുകള്‍ മുഴങ്ങുന്നുണ്ടായിരുന്നു.

"കൃഷ്ണാ ഇവര്‍ക്കെങ്ങനെ പിടി കിട്ടി രാത്രി മുഴുവനും ഞാന്‍ എന്റെ പ്രിയ രാജകുമാരന്‍റെ ഒപ്പമായിരുന്നെന്നു.. ങാ എന്തെങ്കിലുമാവട്ടെ" 

കല്‍ക്കിണറില്‍ നിന്നും പാളത്തൊട്ടി കൊണ്ട് വെള്ളം കോരുമ്പോള്‍ മധുരസ്വപ്നം മുറിഞ്ഞ ഇച്ഛാഭംഗത്തോടെ അവള്‍ ഗദ്ഗദപ്പെട്ടു.

"ജീവിതകാലം മുഴുവന്‍ പുകയും കരിയും അടിച്ചു കരുവാളിക്കാന്‍ വിധിക്കപ്പെട്ട തനിക്കു ഒരു സ്വപ്നം കാണാന്‍ വരെയുള്ള യോഗ്യതയുണ്ടോ?

ഭഗവാനേ... ആശകള്‍ മുരടിച്ച മനസ്സുകളുടെ വേവലാതി കണ്ടു സായൂജ്യമടയാനാണോ വിധിയുടെ പേരും പറഞ്ഞു കഴിഞ്ഞ ജന്മത്തിലെ പാപങ്ങളുടെ പരിഹാരമെന്നോതി ഈ പാവങ്ങളെ തീരാദുരിതങ്ങളിലേക്ക് തള്ളി വിടുന്നത്?   എന്തിനാ ഇങ്ങനെ
രസിക്കണേ......

ഈ പാവത്തിനും ഉണ്ടാവില്ലേ വികാരങ്ങളും വിചാരങ്ങളും മോഹങ്ങളും ഒക്കെ? ഏതു മഹത്ഗ്രന്ഥങ്ങള്‍ എടുത്തു വായിച്ചാലും തെറ്റ് ചെയ്തവര്‍ നിശ്ചയമായും ശിക്ഷ അനുഭവിക്കുമെന്നും സത്പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് ഭഗവാന്‍ നല്ല ജീവിതം നല്‍കുമെന്നും ആവര്‍ത്തിച്ചു പറയുന്നത് കാണുന്നുണ്ടല്ലോ. പക്ഷെ കൂടുതല്‍ തെറ്റുകള്‍ ചെയ്യുന്നവര്‍ ആണല്ലോ കൂടുതല്‍ കേമന്മാര്‍ ആവുന്നത്?

എന്നിട്ടും എന്താ.. പരാശ്രയത്തില്‍ ജീവിക്കാന്‍ വിധിച്ച  ആരോരുമില്ലാതെ  ഒരു പെണ്‍കുട്ടിയായി എനിക്ക് ജന്മം തരാന്‍ അങ്ങ് വിധിച്ചത്? അത്ര കൊടിയ പാപങ്ങള്‍ ആയിരുന്നുവോ ഞാന്‍ കഴിഞ്ഞ ജന്മത്തില്‍ ചെയ്തു കൂട്ടിയത്?

ദേഷ്യം വരുമ്പോള്‍ സഹിക്കാതെ ഒച്ചയെടുത്തു വല്ലതും പറഞ്ഞിട്ടുണ്ടാകും എന്നല്ലാതെ മറ്റെന്തു പാപമാണ് കൃഷ്ണാ ഈ പാവത്തിന് ചെയ്യാന്‍ സാധിക്കുക?

ശരി.. നിന്‍റെ തീരുമാനം അങ്ങനെത്തന്നെ ആവട്ടെ. പക്ഷെ ഒരു ദയനീയമായ അപേക്ഷയുണ്ട്. ഇങ്ങനെ സ്വപ്നത്തിലെങ്കിലും ഒരു സുഖജീവിതം വല്ലപ്പോഴെങ്കിലും അനുഭവിക്കാന്‍ ഈ സാധുവിന്  അവസരമൊരുക്കണേ.."

ചിന്തകള്‍ക്ക് തല്‍ക്കാലം വിരാമം ഇട്ടു കൊണ്ട് സരസ്വതിയമ്മയുടെ അടുത്ത ശകാരത്തിനു കാത്തു നില്‍ക്കാതെ കുറ്റിച്ചൂലുമെടുത്തു മുറ്റമടിക്കുമ്പോള്‍ പടിക്കല്‍ കാറില്‍ വന്നിറങ്ങിയ യുവാവിനെ കണ്ടു സീത ഒന്നമ്പരന്നു.

തന്നോടൊത്ത് സ്വപ്നരഥത്തില്‍ ഉണ്ടായിരുന്ന രാജകുമാരന്‍റെ അതെ മുഖം!........ എന്‍റെ കൃഷ്ണാ.. ഇനി ഇതും???????????............................ 

- മീനു 

No comments:

Post a Comment