Wednesday 14 January 2015

പ്രിയ സോദരീ ഒരു നിമിഷം...



പ്രിയ സോദരീ നിന്നാത്മ രോദനമെന്‍
ഇടനെഞ്ചില്‍ കനലുകള്‍ കോരിയിടുന്നു
അറിവുകള്‍ പക്വമാക്കിയ  മനസ്സുമായ് തന്‍
കരളിനെ കവര്‍ന്നവന്‍റെ മനസ്സാക്ഷി ചെമ്മേ
അറിഞ്ഞു മാത്രം ഹൃദയത്തിലേറ്റുക.
ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കള്‍
അലഞ്ഞു തിരിയും ഊഷര ഭൂമിയിതില്‍
വഴിയുന്ന പുഞ്ചിരി പ്രണയമാണെന്നും
ഒഴുകുന്ന മാരുതന്‍ കുളിരേകുമെന്നുമുള്ള   
മിഥ്യകളെ മനസ്സാല്‍ പുല്‍കീടാതെ ജീവിക്കൂ.
അലിഞ്ഞു ചേരുമ്മുന്നേയവനിലെ നേരറിയൂ.. 
ആസക്തമാം ചുംബനങ്ങളില്‍ ഉടമ്പടിയോ, 
പണപ്രശസ്തിയില്‍ വാഗ്ദാന ദര്‍ശനമോ, 
സൗന്ദര്യത്തില്‍ ആകൃഷ്ട മനോഭാവമോ,
ജല്‍പ്പനങ്ങളില്‍ അന്ധവിശ്വാസമോ അരുതേ..  
നിന്റെ മേല്‍ നിപതിക്കും കൊള്ളിയാനുകളെ
തടഞ്ഞോന്നു നിര്‍വീര്യമാക്കാന്‍
മനസ്സിനെയുലയ്ക്കും ചാപല്യങ്ങളെ
അണകെട്ടി നിയന്ത്രിക്കൂ ഇനിയെങ്കിലും...
തലയുയര്‍ത്തി നടക്കേണ്ടേ നിനക്കും?..
സ്വപ്‌നങ്ങള്‍ കാണേണമെന്നിരുന്നാലും
സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞീടുമോ?
പരാശ്രയമെപ്പോഴും മനോധൈര്യം കുറയ്ക്കും
സ്വാശ്രയ ശീലം സ്വായത്തമാക്കൂ.  
ജനിച്ചാലൊരിക്കല്‍ മരിക്കുമെന്നാകിലും
അന്തസ്സ് വെടിഞ്ഞ ജീവിതമപഹാസ്യം.
പേമാരിയിലും ചുഴലിക്കാറ്റിലുമെപ്പോഴും
കാല്‍ച്ചുവട്ടിലെ മണ്ണിളകാതെ കാക്കൂ..
ആടിയുലയും നൌകയിലെന്ന പോലൊരു
ഞാണിന്മേല്‍ കളിയല്ലോ ജീവിതം
അങ്കലാപ്പില്‍ പതറുമ്പോള്‍ നഷ്ടപ്പെടുന്നതെന്നും 
ജീവിതത്തിന്‍ ശുഭതാളമെന്നറിയു നീ. 
അറിയുക നീ നിന്നെയോരോ നിമിഷത്തിലും
അറിയാതെ നിന്നെ നീ മറക്കാതിരിക്കുവാന്‍. 
വാര്‍ത്തകളിലലയടിക്കും നിന്‍ രോദനമിനിയുമെന്‍ 
മനസ്സിന്‍ സ്വസ്ഥതയെ വിഴുങ്ങാതിരിക്കട്ടെ.
- മീനു 

No comments:

Post a Comment