Wednesday 14 January 2015

ഒരു തീവണ്ടി യാത്രയുടെ ഓര്‍മ്മയ്ക്ക്‌



1991 ലെ ഹൈദരാബാദ് നഗരം.. ചാറ്റല്‍ മഴയുടെ അകമ്പടിയോടെ തണുത്ത കാറ്റും. ആകാശം കാര്‍മേഘാവൃതമായിരുന്നതിനാല്‍ നട്ടുച്ചയ്ക്കും ഒരു പ്രഭാതത്തിന്റെ പ്രതീതി. ഉച്ചയ്ക്ക് ഒന്ന് മുപ്പതിന് മദ്രാസിലേക്ക് പുറപ്പെടുന്ന തീവണ്ടി പിടിക്കാനായി റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി ധൃതിയില്‍ നടക്കുന്ന അച്ഛന്റെ പുറകെ ഞാനും നടന്നു നീങ്ങി.
റെയില്‍വേ സ്റ്റേഷന്‍ എത്താറായപ്പോഴേക്കും മഴ കനത്തു. എന്തൊരു കഷ്ടം.. യാത്ര പുറപ്പെടുന്ന ഈ നേരത്ത് തന്നെ വേണോ മഴയ്ക്ക്‌ വരാന്‍? ആന്ധ്രയില്‍ കുറച്ചു ദിവസങ്ങളായി തകര്ത്ത് പെയ്യുന്ന മഴ മൂലം ചില തീവണ്ടികള്‍ റദ്ദ് ചെയ്യുകയും മിക്കവാറും എല്ലാ തീവണ്ടികളും വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത് എന്നുമൊക്കെ രാവിലെ ആളുകള്‍ പറയുന്നതു കേട്ടിരുന്നു.
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും അച്ഛനുണ്ടോ വല്ല കുലുക്കവും. ഈ പ്രശ്നങ്ങളൊക്കെ വേറെയേതോ ലോകത്താണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന മട്ടിലാണ് അച്ഛന്റെ നടപ്പ്. നിശ്ചയദാർഢ്യത്തിന്റെ കാര്യത്തില്‍ പണ്ടേ മുതല്‍ അച്ഛന്‍ അഗ്രഗണ്യന്‍ ആയിരുന്നു. ആര് പറഞ്ഞാലും ഉദ്ദേശിച്ച ഉദ്യമത്തില്‍ നിന്നും പിന്‍ തിരിയുന്ന പ്രശ്നമേ ഇല്ല. അത്യാവശ്യം ഭാരമുള്ള ബാഗും തൂക്കി മേല്‍ക്കൂര ചോര്‍ന്നു അവിടവിടെ വെള്ളം തളം കെട്ടിക്കിടക്കുന്ന പ്ലാട്ഫോമിലൂടെ ഇങ്ങനെ നടന്നു. ശക്തമായ മഴയില്‍ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ ഒക്കെ ഭാഗികമായി നനഞ്ഞിരുന്നു.
സ്റ്റേഷനില്‍ ജനത്തിരക്ക് ഒട്ടുമില്ല. ആദ്യമായാണ്‌ ഇങ്ങനെ തിരക്ക് കുറഞ്ഞ അവസ്ഥയില്‍ റെയില്‍വേ സ്റ്റേഷന്‍ കാണാന്‍ സാധിക്കുന്നത്. ഇനി വണ്ടികള്‍ ഒന്നും ഓടുന്നില്ലായിരിക്കുമോ? അപ്പോഴാണ്‌ മൈക്കിലൂടെ അനൌന്സ്മെന്റ് വന്നത്. ഞങ്ങള്‍ക്ക് പോകാനുള്ള ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകി ഞങ്ങള്‍ നില്ക്കുന്ന പ്ലാട്ഫോമില്‍ തന്നെ എത്തുന്നതായിരിക്കും. സിമന്റ് ബഞ്ചില്‍ ഇരുന്നു ബാഗിന്റെ സൈഡ് പോക്കറ്റില്‍ വച്ചിരുന്ന ഒരു നോവല്‍ എടുത്തു വായിച്ചു തുടങ്ങി.
"യുഗാന്തരങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയാലും നമ്മള്‍ പരസ്പ്പരം അറിയും.. അപ്പോഴവിടെയുള്ള ഭാഷയില്‍ നമുക്ക് സംസാരിക്കാനുമാവും... ഇപ്പോഴത്തെ അതേ സ്നേഹ നിര്‍വൃതിയോടെ നമ്മള്‍ പരസ്പ്പരം അലിയും... "
മഴ അപ്പോഴും തകര്ത്ത് പെയ്യുന്നുണ്ടായിരുന്നു. വീശിയടിച്ചിരുന്ന കാറ്റിലൂടെ വന്നു ദേഹം മുഴുവന്‍ ഇടയ്ക്കിടെ ആവരണം ചെയ്തിരുന്ന സൂക്ഷ്മജലകണങ്ങള്‍ കുളിരും രോമാഞ്ചവും ഉണ്ടാക്കിക്കൊണ്ടിരുന്നു. ഷാള്‍ എടുത്തു പുതച്ചു.
പിന്നെയും ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ വന്നത്. അതിശയമെന്നു പറയട്ടെ. ആ കമ്പാര്ട്ട്മെന്റില്‍ ആകെ എട്ടോ ഒമ്പതോ പേര്‍ മാത്രം. ഇനി വണ്ടിയെങ്ങാനും മാറിപ്പോയോ ദൈവമേ.. അനുകൂലമല്ലാത്ത കാലാവസ്ഥ മൂലം പലരും യാത്ര മാറ്റി വച്ചതാകാം അതിനു കാരണം. സീറ്റ് നമ്പര്‍ ഒന്നും പിന്നെ നോക്കാന്‍ പോയില്ല. സൈഡ് സീറ്റില്‍ പറ്റിപ്പിടിച്ചിരുന്ന വെള്ളം പേപ്പര്‍ കൊണ്ട് തുടച്ചു വൃത്തിയാക്കി അവിടെ ഇരുന്നു പുറത്തുള്ള കാഴ്ചകള്‍ കാണാം എന്ന് കരുതി. ഉള്ള യാത്രക്കാര്‍ എല്ലാവരും ഏകദേശം അടുത്തടുത്ത് തന്നെ ഇരിപ്പുറപ്പിച്ചു സൊറ പറച്ചില്‍ തുടങ്ങി. ഹൈദരബാദില്‍ ഏതാനും ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയെക്കുറിച്ച് തന്നെയാണ് മിക്കവരുടെയും ചര്‍ച്ച. ചിരപരിചിതരെപ്പോലെ അവര്‍ സംസാരിക്കുന്നത് ശ്രദ്ധിച്ചു കൊണ്ട് അല്‍പ്പ നേരം ഇരുന്നു.
വണ്ടി നീങ്ങിത്തുടങ്ങി. പിന്നെ ബാഗില്‍ നിന്നും ഒരു പുസ്തകമെടുത്തു മടിയില്‍ വച്ച് പുറത്തുള്ള കാഴ്ചകള്‍ കണ്ടു അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ചായക്കാരന്‍ അത് വഴി വന്നു. ഞാന്‍ അച്ഛനെ അര്‍ത്ഥഗര്‍ഭമായി ഒന്ന് നോക്കിയപ്പോള്‍ അച്ഛന്‍ അത് മനസ്സിലാക്കി പേപ്പര്‍ കപ്പിലുള്ള ചായ വാങ്ങി എന്റെ കയ്യില്‍ കൊണ്ട് വന്നു തന്നു. ക്ലോറിന്‍ രുചിക്കുന്ന ചായയ്ക്ക് അരുചിയായിരുന്നെങ്കിലും തണുത്തു വിറയ്ക്കുന്ന ആ അവസ്ഥയില്‍ അത് മെല്ലെ മെല്ലെ മൊത്തിക്കുടിച്ചു കൊണ്ട് അങ്ങനെ ഇരുന്നു. പലയിടത്തും റെയില്‍ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. വളരെ സാവധാനത്തിലാണ് വണ്ടിയുടെ പോക്ക്. ചിലപ്പോഴൊക്കെ ഒരു കായലിലൂടെയാണോ യാത്ര ചെയ്യുന്നത് എന്ന പ്രതീതിയുളവാക്കുന്ന വിധത്തില്‍ ട്രാക്കിനിരുവശത്തും മഴവെള്ളം തടാകങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതായി ചില്ല് ജാലകത്തിലൂടെ കണ്ടു.
അച്ഛന് സംസാരിക്കാന്‍ ഒരു കൂട്ട് കിട്ടി. കറുത്ത് മെലിഞ്ഞു വളഞ്ഞു, കണ്ണട വച്ച് മുടിയൊക്കെ നീട്ടി വളര്ത്തി് ‘ബുദ്ധിജീവി ലുക്ക്‌’ ഉള്ള ഒരു യുവാവ്. സംസാരത്തിനിടയില്‍ എന്നെ നോക്കി വളരെ ആകര്‍ഷകമായ ഒരു പുഞ്ചിരി സമ്മാനിക്കുവാനും അദ്ദേഹം മറന്നില്ല. തിരിച്ചും ഞാന്‍ അയാളോട് ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ആവര്‍ത്തന വിരസമായ പുറം കാഴ്ചകള്‍ കണ്ടു മടുത്തപ്പോള്‍ മടിയിലിരുന്ന പ്രിയപ്പെട്ട എഴുത്തുകാരിയുടെ നോവല്‍ എന്നെ മാടി വിളിച്ചു. വായിച്ചു നിര്‍ത്തിയിടത്തു നിന്നും വീണ്ടും വായന തുടര്‍ന്നു.
"നിന്നെ എന്റെ വാരിയെല്ലില്‍ നിന്നും ദൈവം സൃഷ്ടിച്ചെങ്കില്‍ അത് നിന്റെ വാശികളെയും കുറുമ്പുകളേയും സംരക്ഷിക്കാനും കൂടിയായിരുന്നു.. അല്ലാതെ നിന്നില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനല്ല... നിന്നോടുള്ള എന്റെ വികാരം സ്നേഹമല്ലാതെ മറ്റൊന്നും ആയിരിക്കില്ല. മോഹങ്ങള്‍ കണ്ടെത്താനാവാതെ പ്രപഞ്ചത്തിലെ കാണാധ്രുവങ്ങളില്‍ നിന്നും പാഞ്ഞു വന്നടുത്ത രണ്ടു കത്തിയെരിയുന്ന വാല്‍ നക്ഷത്രങ്ങളായി നമ്മള്‍ ഇപ്പോള്‍ മുഖത്തോടു മുഖം നോക്കി നില്‍ക്കുന്നത് 'എഴുതി വച്ചതിന്റെ' ബാക്കി പത്രങ്ങളായാവാം.."
സംസാരങ്ങള്‍ക്കിടയില്‍ അച്ഛന്‍ എന്നെ ആ യുവാവിനു പരിചയപ്പെടുത്തിക്കൊടുത്തു. അയാളോട് മിതമായി മാത്രം സംസാരിച്ചു ഞാന്‍ വീണ്ടും വായനയില്‍ മുഴുകി. കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛന് സംസാരിച്ചു മടുത്തു എന്ന് തോന്നുന്നു. കൂടാതെ നല്ല ക്ഷീണവും ഉണ്ടായിരുന്നു. അച്ഛന്‍ ബര്‍ത്തില്‍ കയറി കിടന്നു.
സംസാരിക്കാന്‍ മറ്റാരെയും കൂട്ട് കിട്ടാതിരുന്ന യുവാവ് മെല്ലെ എന്റെ എതിരുള്ള സീറ്റില്‍ വന്നിരുന്നു. എന്നോട് കുശലങ്ങള്‍ പറയാന്‍ തുടങ്ങി. ആദ്യമാദ്യം സംസാരിക്കാന്‍ അധികം താല്‍പ്പര്യം തോന്നിയില്ലെങ്കിലും പിന്നീട് അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ഒരു മാന്യന്‍ ആണ് എന്ന് മനസ്സ് പറഞ്ഞു. മാത്രമല്ല, ഒരു അപരിചിതയായ പെണ്‍കുട്ടിയോട് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ എല്ലാം അയാളുടെ ഇടപഴകലില്‍ ഉണ്ടായിരുന്നു.
ഞാന്‍ അപ്പോള്‍ കോളേജില്‍ പഠിക്കുന്ന കാലം. അയാള്‍ എന്നോട് അയാളുടെ കോളേജ് ജീവിതവും ചരിത്രങ്ങളും ഒക്കെ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു. വളരെ രസകരമായ രീതിയില്‍ തന്നെയായിരുന്നു വിശദീകരണങ്ങള്‍ എന്നതിനാല്‍ ഒട്ടും വിരസത തോന്നിയില്ല. ആദ്യമായാണ്‌ ഇങ്ങനെ ഒരു അപരിചിതനായ യുവാവിനോട് സംസാരിക്കുന്നത്. ഞങ്ങള്‍ കഴിക്കാന്‍ കൊണ്ട് വന്നിരുന്ന ലഘുഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒക്കെ ഇടയ്ക്കിടെ പങ്കു വച്ച് കഴിച്ചു. സംസാരത്തിനിടയില്‍ എനിക്ക് അയാളോടുള്ള അപരിചിതത്വം അലിഞ്ഞു ഇല്ലാതായിരുന്നു. മറിച്ചു അയാളുടെ സാമീപ്യം മനസ്സില്‍ ഒരു സുരക്ഷിതത്വബോധം ഉണ്ടാക്കുകയും ചെയ്തു.
കനത്ത മഴ മൂലം ട്രെയിന്‍ പലയിടങ്ങളിലും വളരെ നേരം നിര്‍ത്തിയിടുന്നുണ്ടായിരുന്നു. ഇതിനിടയില്‍ എപ്പോഴോ ആണ് ഞാന്‍ അത് ശ്രദ്ധിച്ചത്. എന്റെ എതിര്‍ സീറ്റില്‍ ഇരുന്നു എന്റെ കണ്ണുകളിലേക്കു ഇമ വെട്ടാതെ ആ യുവാവ് നോക്കിക്കൊണ്ടിരിക്കുന്നു. ഞാന്‍ ഒന്ന് ചൂളിപ്പോയീ. അത് ശ്രദ്ധിച്ചില്ലാന്നു നടിച്ചെങ്കിലും പെട്ടെന്ന് എന്റെ മനസ്സ് ആകെ പതറി. വളരെ തീക്ഷ്ണമായ ആ കണ്ണുകളിലേക്കു നോക്കാന്‍ ഞാന്‍ അശക്തയായി. എന്തിനായിരിക്കും അയാള്‍ എന്നെ ഇങ്ങനെ നോക്കുന്നത്? ഹേയ്.. ദുരൂഹതകള്‍ ഒന്നും ഉണ്ടാവാന്‍ വഴിയില്ല. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ മനസ്സില്‍ ഉയര്‍ന്നു വന്നു കൊണ്ടിരുന്നു.
"എന്തിനാ ഈ കല്ലും മാലയുമൊക്കെ വാങ്ങി ഇട്ടിരിക്കുന്നേ?"
അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാന് ചിന്തയില് നിന്നും ഞെട്ടിയുണര്‍ന്നു. ഒന്ന് മന്ദസ്മിതം തൂകാനല്ലാതെ എനിക്ക് അതിനു മറുപടി പറയാനുള്ള മാനസീകാവസ്ഥ കിട്ടിയില്ല.
"തന്റെ ഈ വലിയ കണ്ണുകള്‍ കാണാനെന്തൊരു ചന്തം!.." വീണ്ടും ആ ശബ്ദം..
എന്റെ കൃഷ്ണാ.. ഇയാള്‍ എന്തിനുള്ള പുറപ്പാടിനാ.. നാളിന്നേ വരെ ഒരു ആണ്കുട്ടിയും എന്നോട് സംസാരിക്കാന്‍ ധൈര്യപ്പെടാത്ത ഒരു കാര്യം.. ഒരു നിമിഷം.. എന്റെ ഹൃദയത്തില്‍ പൂത്തിരികള്‍ എരിയുന്നുവോ? ഛെ.. ഇത്രയും മാനസീക ശക്തിയുള്ള ഞാന്‍ ഇങ്ങനെ ചഞ്ചലപ്പെടാന്‍ ഒരുങ്ങുന്നുവോ?! മോശം.. മോശം.. അത് ഒരിക്കലും പാടില്ല.
രാത്രി ഏറ്റവും മേലെയുള്ള ബര്‍ത്തില്‍ ആണ് ഞാന്‍ കിടന്നത്. അദ്ദേഹം എന്റെ നേര്‍ എതിര്‍ വശത്തുള്ള ബര്‍ത്തിലും. ഉറങ്ങാന്‍ സാധിക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാന്‍ ഇടയ്ക്കിടെ അയാള്‍ അറിയാതെ അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എനിക്ക് അഭിമുഖമായി മാത്രം തിരിഞ്ഞു കിടന്ന അയാളുടെ കണ്ണുകള്‍ എന്റെ കണ്ണുകളുമായി ഇടയ്ക്കിടെ ഇടഞ്ഞു. അപ്പോഴൊക്കെ ഞാന്‍ എതിര്‍ ദിശയിലേക്കു തിരിഞ്ഞു തീവണ്ടിച്ചക്രങ്ങള്‍ നനഞ്ഞ പാളത്തിലുരയുന്ന ശബ്ദം ആസ്വദിച്ചെന്നോണം പുതപ്പു വലിച്ചു മൂടി കിടന്നു. ഉറങ്ങാനുണ്ടോ കഴിയുന്നു. പുതപ്പിനിടയിലൂടെ ഞാന്‍ വീണ്ടും അയാളെ നോക്കി. ഈശ്വരാ.. അയാള്‍ എന്നെ തന്നെ നോക്കിക്കൊണ്ട്‌ അതേ കിടപ്പ്. മഴ പെയ്തു കുളിര് തീര്‍ത്ത ബോഗിക്കുള്ളിലും എന്റെ ശരീരം വിയര്‍ത്തു. പക്ഷെ മനസ്സില്‍ അതെ വരെ അനുഭവിക്കാത്ത ഒരു വികാരവേലിയേറ്റം. കണ്ണുകള്‍ ഇറുക്കിയടച്ചു ഞാന്‍ കിടന്നു. പക്ഷെ നെറ്റിയില്‍ നിന്നും താഴേക്കു വീണു കിടക്കുന്ന ഏതാനും നീണ്ട മുടികള്‍ക്കി്ടയിലൂടെ തിളങ്ങിക്കണ്ട ആ കണ്ണുകള്‍ എന്റെ അടഞ്ഞ കണ്ണിനുള്ളില്‍ ജ്വലിച്ചു നിന്നു.
രാത്രിയുടെ അവസാനയാമങ്ങളിലെപ്പോഴോ എന്നില്‍ നിദ്രാദേവി സന്നിവസിച്ചു. പിന്നെ മദ്രാസ് സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയ വഴി അച്ഛന്‍ വന്നു എന്റെ കാലില്‍ തോണ്ടി വിളിക്കുമ്പോള്‍ ആണ് ഞാന്‍ ഉണരുന്നത്. മഴ അപ്പോഴും നിലച്ചിരുന്നില്ല. അന്ന് കേരളത്തിലേക്ക് നേരിട്ട് ട്രെയിന്‍ ഉണ്ടായിരുന്നില്ല. എന്നെ തിരക്കേറിയ ആ പ്ലാറ്റ്ഫോമില്‍ ഉള്ള സിമന്റ് ബഞ്ചില്‍ ഇരുത്തി റിസര്‍വേഷന്‍ ശരിയാക്കാനായി അച്ഛന്‍ പോയപ്പോള്‍ എനിക്ക് ഭയം തോന്നി. ആദ്യമായാണ്‌ ഇത്രയും വലിയ ഒരു റെയില്‍വേ സ്റ്റേഷനില്‍ ഒറ്റയ്ക്ക് ഇരിക്കുന്നത്. എന്റെ മുഖത്തെ വേവലാതി കണ്ടിട്ടായിരിക്കണം നേരത്തെ പറഞ്ഞ അദ്ദേഹം എന്റെ അരികില്‍ വന്നു പറഞ്ഞു.
"കുട്ടി പേടിക്കണ്ടാട്ടോ.. ഞാന്‍ ഇവിടെ തന്നെയുണ്ട്‌"
ആ സാഹചര്യത്തില്‍ പെട്ടെന്ന് അയാളെ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ഒരു ആശ്വാസവും സുരക്ഷിതത്വ ബോധവും എന്നില്‍ ധൈര്യം പകര്‍ന്നു. മുതിര്‍ന്ന ഒരു പെണ്‍കുട്ടി അപരിചിതമായ സ്ഥലത്ത് ഒറ്റക്കിരിക്കുമ്പോള്‍ ഉള്ള അവസ്ഥ മനസ്സിലാക്കി അടുത്തു വന്ന അദ്ദേഹത്തോട് എനിക്ക് സ്നേഹബഹുമാനങ്ങള്‍ തോന്നി. ചായ വേണോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വേണ്ട എന്ന് പറഞ്ഞു.
അച്ഛന്‍ ടിക്കറ്റ്‌ ശരിയാക്കി വന്ന വഴി ഞങ്ങള്‍ സ്റ്റേഷനില്‍ തന്നെയുള്ള ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി കയറി. അദ്ദേഹവും ഞങ്ങളുടെ കൂടെയുള്ള ആളെന്ന പോലെ ഞങ്ങളെ പിന്തുടര്‍ന്ന് ഹോട്ടലില്‍ കയറി കുറച്ചു ദൂരെയായി ഇരുന്നു ഭക്ഷണം കഴിച്ചു.
വൈകീട്ടുള്ള ട്രെയിനില്‍ നാട്ടിലേക്ക് പുറപ്പെടുമ്പോള്‍ എന്റെ കണ്ണുകള്‍ എന്നെ ആകര്‍ഷിച്ചിരുന്ന ആ തീക്ഷ്ണനയനങ്ങളെ തിരഞ്ഞു. കുറച്ചപ്പുറത്തായി ഇരുന്നു, വായിച്ചു കൊണ്ടിരിക്കുന്ന മാഗസിന് മുകളിലൂടെ എന്നെ നോക്കി മന്ദഹസിച്ചു കൊണ്ടിരിക്കുന്ന അയാളെ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ആഹ്ലാദം തിരതല്ലി. നല്ല ഒരുണര്‍വ്വും. ഇടയ്ക്കിടെ അയാള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതിനിടയില്‍ എന്നോട് ഓരോ കുശലങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് തുറന്നു ചിരിച്ചു കൊണ്ട് ഞാനും അയാളുടെ ഇടപഴകലുകള്‍ ആസ്വദിച്ചു. മുന്‍യാത്രയില്‍ പരിചയം ഉള്ള ആളായത് കൊണ്ട് അച്ഛനും അതില്‍ അസ്വഭാവികതയൊന്നും ദര്‍ശിച്ചില്ല.
രാത്രിയായപ്പോള്‍ ഹോട്ടലില്‍ നിന്നും അച്ഛന്‍ കരുതിയിരുന്ന ഭക്ഷണ പൊതികള്‍ അഴിച്ചു ഞാനും അച്ഛനും കഴിക്കുമ്പോള്‍ ഒരു ക്ഷണ മനോഭാവത്തോടെ ഞാന്‍ അയാളെ നോക്കി. പുഞ്ചിരിച്ചു കൊണ്ട് കറുത്ത സ്ട്രാപ് ഉള്ള വാച്ച് കെട്ടിയ ഇടത്ത് കൈ ഉയര്‍ത്തി അയാള്‍ വേണ്ട എന്ന് ആംഗ്യം കാണിച്ചു. ഊണ് കഴിഞ്ഞ വഴി അച്ഛന്‍ കിടക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ തുടങ്ങി. ഞാന്‍ ആളൊഴിഞ്ഞ സൈഡ് സീറ്റില് ഇരുന്നു. അപ്പോള്‍ എന്റെ മനസ്സ് ആഗ്രഹിച്ച പോലെ അദ്ദേഹം എന്റെ അടുത്തു വന്നിരുന്നു. അപകര്‍ഷതാബോധം ഒട്ടും ഇല്ലാതെ തന്നെ ഞങ്ങള്‍ കുറച്ചു നേരം സംസാരിച്ചു. കാണാന്‍ വലിയ സൌന്ദര്യം ഒന്നും അവകാശപ്പെടാനില്ലാത്ത ആ മനുഷ്യന്റെ അതുല്യമായ വ്യക്തിത്വം എനിക്ക് പ്രിയപ്പെട്ടതായിത്തുടങ്ങിയിരുന്നു.
ഞങ്ങളോട് പറഞ്ഞു അച്ഛന്‍ മേലെ ഉള്ള ബര്‍ത്തില്‍ കയറിക്കിടന്നു. ഞങ്ങള്‍ പിന്നെയും കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു. പ്രത്യേകിച്ച് ഒന്നും ഇല്ല. കഴിഞ്ഞ യാത്രയില്‍ സംസാരിചിരുന്നതിന്റെ തുടര്‍വിഷയങ്ങള്‍ തന്നെ. എനിക്ക് താഴെയുള്ള സൈഡ് ബര്‍ത്ത് ആയിരുന്നു. ബോഗിയില്‍ സിഗരറ്റിന്റെയും മദ്യത്തിന്റെയും ഗന്ധം നിറഞ്ഞു നിന്നു. അവിടെ കിടക്കാന്‍ എനിക്ക് ഭയം തോന്നി. അത് മനസ്സിലാക്കിയ അദ്ദേഹം എന്നോട് അയാളുടെ മുകളില്‍ ഉള്ള ബര്‍ത്തില്‍ പോയി കിടന്നോളാന്‍ പറഞ്ഞു. അയാള്‍ താഴെ കിടന്നു.
ഞാന്‍ മുകളിലെ ബര്‍ത്തില്‍ കമഴ്ന്നു കിടന്നു അദ്ദേഹത്തെ ഇടയ്ക്കിടെ വീക്ഷിക്കുന്നുണ്ടായിരുന്നു. അദ്ദേഹവും എന്നെ ഇടയ്ക്കിടെ വീക്ഷിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ക്കന്ന്യമായ ഭാഷയില്‍ കണ്ണുകള്‍ നിശബ്ദമായി ഏതോ കഥകള്‍ പറഞ്ഞു. നിദ്രാദേവത വന്നു കണ്ണുകളില്‍ കുടിയിരിക്കുന്നത് വരെയും.
രാവിലെ ഞങ്ങള്‍ക്കിറങ്ങാനുള്ള സ്റ്റേഷന്‍ അടുക്കാറായപോള്‍ അച്ഛന്‍ വന്നു എന്നെ വിളിച്ചുണര്‍ത്തി. ഉണര്‍ന്ന വഴി ആ മനുഷ്യനെയായിരുന്നു കണ്ണുകള്‍ ആദ്യം തിരഞ്ഞത്. താഴെയിറങ്ങി പുതപ്പു വലിച്ചെടുത്തു മടക്കുന്നതിനിടയില്‍ ട്രെയിനിന്റെ വാതിലില്‍ പുറത്തേക്ക് വീക്ഷിച്ചു കൊണ്ട് നിന്ന അദ്ദേഹത്തെ കണ്ടു.
ഞാന്‍ ഫ്രഷ്‌ ആയി വരുമ്പോഴേക്കും അച്ഛന്‍ അയാളുമായി ഇരുന്നു എന്തൊക്കെയോ കുശലങ്ങള്‍ കൈമാറുന്നത് കണ്ടു. ഇടയ്ക്കിടെയുള്ള നയനസംസാരമല്ലാതെ, അച്ഛന്റെ സാന്നിദ്ധ്യത്തില്‍ എനിക്ക് ഒന്നും അയാളോട് സംസാരിക്കാന്‍ പറ്റിയില്ല.
സ്റ്റേഷനില്‍ ഇറങ്ങി യാത്ര പറഞ്ഞു പുറത്തേക്ക് നീങ്ങുമ്പോള്‍ എന്തോ നഷ്ടപ്പെട്ടവളെ പോലെ ഒരു വിഷാദഭാവത്തില്‍ ബാഗുമെടുത്ത് ഞാന്‍ വേഗത്തില്‍ നടക്കുന്ന അച്ഛന് പുറകെ നടന്നു. ഒന്ന് തിരിഞ്ഞു നോക്കി. അതാ വശ്യമായ പുഞ്ചിരിയും തൂകിക്കൊണ്ട് ദൂരെയായി എന്നെയും വീക്ഷിച്ചു കൊണ്ട് അയാള്‍..
"ഒന്ന് വേഗം നടക്കൂ കുട്ട്യേ.." തിരിഞ്ഞു നിന്ന് കൊണ്ട് അച്ഛന്‍. പിന്നെ ഒന്നും നോക്കാന്‍ പോയില്ല. നേരെ പുറത്തേക്ക്.
വിലാസമറിയില്ല.. വിശദ വിവരങ്ങള് അറിയില്ല. എങ്കിലും ഹൃദയത്തില്‍ എരിയുന്ന കെടാവിളക്ക് പോലെ ആ കണ്ണുകള്‍ തന്നെയായിരുന്നു എപ്പോഴും എന്നില്‍ പ്രണയാഗ്നി ജ്വലിപ്പിച്ചു. അത് വരെ അനുഭവിക്കാത്ത പ്രണയം എന്ന വികാരത്തിന്റെ അനിര്‍വചനീയതയില്‍ ശരിക്കും എന്റെ മനസ്സ് അലഞ്ഞു കൊണ്ടിരുന്നു... ഇനി ഒരിക്കലും കാണില്ല എന്നറിഞ്ഞിട്ടും എന്തിനോ വേണ്ടി ഉള്ളം തുടിച്ചു.
ഞാന്‍ ഉപരിപഠനതിനായി ചേര്‍ന്നു. വര്‍ഷാവസാനത്തില്‍ ഫസ്റ്റ് ഇയര്‍ പരീക്ഷയ്ക്ക് വീട്ടില് നിന്നും ഇറങ്ങുന്നതിനും മുമ്പ് പത്രം വന്നു കിടക്കുന്നത് കണ്ടു അതെടുത്തു നിവര്‍ത്തി നോക്കി. പണ്ടും ഇന്നും ന്യൂസ് പേപ്പര്‍ അരിച്ചു പെറുക്കുന്ന സ്വഭാവം എനിക്കില്ല. പ്രധാന വാര്‍ത്തകളും ചിത്രങ്ങളും മാത്രം ഒന്ന് ഓടിച്ചു നോക്കും. പൊടുന്നനെ എന്റെ കണ്ണുകള്‍ അതിലെ ഒരു വിവാഹ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന ഫോട്ടോയിലെ വരന്റെ കണ്ണുകലില്‍ ഉടക്കി നിന്നു. "വെഡിംഗ് ടുഡേ".. അടുത്തു സുന്ദരിയായ വധുവും.
ഒരു നിമിഷം.... നെഞ്ചിലെ മിടിപ്പുകള്‍ക്ക് ഇടിമിന്നലിന്റെ തീവ്രത... തൊണ്ട വറ്റി മരുഭൂമി സമമായി.. തലയില്‍ നിന്നും ഒരു വിറയല്‍ മിന്നല്‍പ്പിണര്‍ പോലെ കാലിന്റെ പെരുവിരലിലേക്ക്.. തല ചുറ്റുന്നുവോ.. ഹൃദയക്കൂട് ഭേദിച്ച് ഒരു സൂചിമുഖി പറന്നകലുന്നുവോ..
ഞാന്‍ താടിയില്‍ കൈ കൊടുത്ത് അല്പ്പ നേരം തിണ്ണയില്‍ ഇരുന്നു. ദൂരെ നിന്നും ഒറ്റയടിപ്പാതയിലൂടെ നടന്നു വരുന്ന സഹപാഠിയായ ഷീന
പ്രണയം പോലും.. അതിലും സീരിയസ് ആയ എത്രയോ കാര്യങ്ങള്‍ ജീവിതത്തില്‍ നീണ്ടു നിരന്നു കിടക്കുന്നു...വധൂവരന്മാര്‍ക്ക് വിവാഹമംഗളാശംസകള്‍.... അവള്‍ അറിയാതെ തേങ്ങി പോയി ....
--മീനൂ....

No comments:

Post a Comment