Wednesday 14 January 2015

ഉയിര്‍ത്തെഴുന്നേല്‍ക്കൂ...




ഉയിര്‍ത്തെഴുന്നേല്‍ക്കൂ ജനമേ തീനാമ്പുകളായ്
ദുര്‍ഗന്ധം വമിപ്പിച്ചു കുന്നു കൂടിക്കിടക്കുമീ 
സ്വാര്‍ത്ഥ മാലിന്ന്യങ്ങളെ അഗ്നിശുദ്ധി വരുത്തി
ജീവിത സമസ്യകള്‍ക്ക് നിത്യമോചനമേകാന്‍. 

അരവയര്‍ ഉണര്‍ത്തും വിലാപ കാവ്യങ്ങള്‍
അലയടിക്കും കുടിലുകളില്‍ സാന്ത്വനമായ്.
വിദ്യയെ പുല്‍കാന്‍ അവസരങ്ങളേതുമേ
ഇല്ലാത്ത പിഞ്ചു മനസ്സുകളില്‍ ദീപ്തിയായ്. 

പാര്‍പ്പിടമൊരു സമസ്യയായെന്നും മനസ്സില്‍
മരുവും സഹോദരര്‍ക്കൊരു ആശയായ്
രോഗപീഡകളില്‍ അവശരായ് കഴിയും
മാനവര്‍ക്ക് നിത്യമേകിടും ആശ്വാസമായ്

ആര്‍ഭാടങ്ങള്‍ നിറുത്തി പാവപ്പെട്ടവര്‍ക്ക് 
നേരെ നീണ്ടീടും സഹായ ഹസ്തമാവാന്‍
നിശയുടെ നിഴലില്‍ മാനം നശിച്ചീടും
പാവം പെണ്‍കൊടികള്‍ക്ക് രക്ഷയാവാന്‍

അഴിമതിയില്‍ മുക്കി നാടിനെ നശിപ്പിക്കും 
രാഷ്ട്രീയക്കാര്‍ക്കൊരു പ്രഹരമാകാന്‍
വിധിയുടെ ബലിമൃഗങ്ങളായ് വിതുമ്പും
വിധവകള്‍ക്കൊരു കൈത്താങ്ങാവാന്‍

മയക്കു മരുന്നുകള്‍ കാര്‍ന്നു തിന്നും
യൌവനങ്ങളെ രക്ഷിക്കും വഴികാട്ടിയാവാന്‍ 
ചൂഷണത്തില്‍ ഉഴലും തൊഴിലാളിയെ
ഉത്ബോധരാക്കും ഘനശബ്ദമാകാന്‍

വിഷപ്പുകയില്‍ വീര്‍പ്പു മുട്ടുന്നയീ 
അന്ധരീക്ഷത്തിനൊരു ശ്വാസമാകാന്‍
മണലൂറ്റി വറ്റി വരണ്ട പുഴകളില്‍
കളകളഗീതം തിരികെ വരുത്തുവാന്‍ 

രാസപദാര്‍ത്ഥങ്ങള്‍ മുരടിപ്പിച്ചീടുമീ
മണ്ണിന്‍ മനസ്സിലെ വാഗ്ദാനമാകാന്‍ 
വഴിയില്‍ തള്ളപ്പെടും അശരണരുടെ 
കണ്ണീര്‍ തുടയ്ക്കും തൂവാലയാവാന്‍

ഉയിര്‍ത്തെഴുന്നേല്‍ക്കൂ ജനമേ തീനാമ്പുകളായ്
ദുര്‍ഗന്ധം വമിപ്പിച്ചു കുന്നു കൂടിക്കിടക്കുമീ 
സ്വാര്‍ത്ഥ മാലിന്ന്യങ്ങളെ അഗ്നിശുദ്ധി വരുത്തി
ജീവിത സമസ്യകള്‍ക്ക് നിത്യമോചനമേകാന്‍ 
- മീനു-  

No comments:

Post a Comment