Wednesday 14 January 2015

അദ്ദേഹം ഭാഗ്യവാനായിരുന്നുവോ?..





ബിരുദ പഠനത്തിന്റെ മൂന്നു കൊല്ലത്തെ ഇടതടവില്ലാതെയുള്ള അശ്രാന്തപരിശ്രമത്തിന്റെ കലാശക്കൊട്ടായ അവസാന പരീക്ഷയും  കഴിഞ്ഞതിന്റെ പിറ്റേ ദിവസമായിരുന്നു അത്..  പരീക്ഷാകാലങ്ങളില്‍ എത്ര ഉറങ്ങിയാലും മതി വരുമായിരുന്നില്ലാത്ത എനിക്ക് അതൊക്കെ കഴിഞ്ഞതോടെ ഉറക്കവും ക്ഷീണവും ഒക്കെ പമ്പ കടന്ന പോലെ ആണ്..

പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം തെല്ലൊരു ഉണര്‍വ്വോടെ അടുത്തുള്ള തറവാട്ടില്‍ അമ്മുമ്മയെ കാണാന്‍ ഓടി ചെന്നു . പറയുന്നതിനേക്കാള്‍
കേള്‍ക്കുന്നതില്‍ താല്പര്യം കാണിക്കുന്ന എന്റെ അമ്മൂമ്മയോട്  കോളേജിലെ
വിശേഷങ്ങളും പരീക്ഷയുടെ നൂലാമാലകളും പിന്നെ കോപ്പിയടിച്ചു പിടിച്ച കുട്ടികളുടെ കഥകളും ഒക്കെ പൊടിപ്പും തൊങ്ങലും വച്ച്  വിശദീകരിച്ചിരിക്കുകയായിരുന്നു. എന്‍റെ കത്തിയും  ആസ്വദിക്കാന്‍ ആളുകള്‍ ഉണ്ടെന്നു ഇപ്പോള്‍ മനസ്സിലായല്ലോ? പാവം അമ്മൂമ്മ.

ഞാനും ചേച്ചിയും അമ്മൂമ്മയും ഒരു കസിനും മാത്രമേ അന്നേരം അവിടെ ഉണ്ടായിരുന്നുള്ളൂ.. പടിയ്ക്കല്‍ ഒരു കാറ് വന്നു നിന്നു ..

"ആരാണാവോ ഇപ്പൊ ഈ നേരത്ത്?"

ചേച്ചി പറഞ്ഞത് കേട്ടു ഞങ്ങള്‍ അങ്ങോട്ട്‌ നോക്കി .. ഒരു വെളുത്ത അംബാസിഡര്‍ കാര്‍..

"മോളേ മീനൂ.. വഴി വല്ലതും ചോദിക്കാനാവും എന്താ കാര്യംന്നു ഒന്ന് പോയി ചോദിക്കൂ..  ആ പേര്‍ഷ്യാക്കാരന്‍ ജോണീടെ വീട്ടിലേക്കുള്ളോരാവും.. "  കൂട്ടത്തില്‍ ഇളയവളായ എന്നോട് അമ്മൂമ്മ പറഞ്ഞു.

"ഈ വേണുവിന്റെ വീടേതാണ്?" കാറിലുള്ള ഒരു കാരണവര്‍ ചോദിച്ചു.

എന്റെ അമ്മാവന്‍റെ വീടാണ് അവര്‍ അന്വേഷിക്കുന്നത്. ഞാന്‍ ചൂണ്ടിക്കാണിച്ചു കൊടുത്തു.  അപ്പോള്‍ ചോദിക്കുന്നു... വേണുവിന്റെ പെങ്ങളുടെ വീട് ഏതാണെന്ന്.

"വേണുമാമയ്ക്ക് രണ്ടു സഹോദരിമാരുണ്ട്‌.. അവരില്‍ ആരുടെ വീട്ടിലേക്കാണ് നിങ്ങള്‍ക്ക് പോകേണ്ടത്?" ഞാന്‍ ചോദിച്ചു

"മീനു എന്ന കുട്ടി ആരുടെ മകളാണ്?.. ആ വീട്ടിലേക്കാണ് പോകേണ്ടത്.." അവര്‍ പറഞ്ഞ മറുപടി കേട്ട് ഞാനൊന്നു ഞെട്ടി.

"മീനു ഞാനാണല്ലോ .. നിങ്ങള്‍ എവിടെ നിന്നു വരുന്നു? എന്താ കാര്യം?" ഞാന്‍ തിരക്കി..

"കുട്ടീടെ അച്ഛനും അമ്മയും ഇപ്പോള്‍ അവിടെയില്ലേ?.. കാര്യം അവരോടു പറഞ്ഞോളാം.." ഒരു മദ്ധ്യവയസ്ക്കന്‍ പറഞ്ഞു. 

കാറില്‍ അഞ്ചാറു പേരുണ്ട്. അവരൊക്കെ ഇങ്ങനെ എന്നെത്തന്നെ നോക്കി ഇരിക്കുന്നു. അപ്പോഴേക്കും ഒരാള്‍ കാറില്‍ നിന്നും ഇറങ്ങി ചോദിച്ചു.

"ഏതാണ് കുട്ടിയുടെ വീട് "

വന്ന പരിഭ്രമം പുറത്തു കാണിക്കാതെ ഞാന്‍ ചൂണ്ടിക്കാണിച്ചു കൊടുക്കുമ്പോള്‍ എന്തെല്ലാമോ ചില സൂചനകള്‍ എന്റെ മനസ്സില്‍ ഉയര്‍ന്നു വന്നു കൊണ്ടിരുന്നു.

അവരോടു അധികം സംസാരിക്കാന്‍ നില്‍ക്കാതെ ഞാന്‍ തറവാട്ടിലേക്ക് തിരിഞ്ഞു നടന്നു..  മനസ്സില്‍ എന്തൊക്കെയോ വിസ്ഫോടനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.. തലച്ചോറില്‍ ഒരു മരവിപ്പ് പോലെ..

അമ്മൂമ്മയും ചേച്ചിയും വന്നതാരാണെന്ന് തിരക്കിയപ്പോള്‍ ഒന്നും പറയാതെ തല കുമ്പിട്ട്‌ ചിന്താവിഷ്ടയായി വീട്ടിലേക്കു നടന്നു..

ഞാന്‍ വീട്ടിലെത്തിയപ്പോഴേക്കും അവരുടെ കാര്‍ വീടിന്റെ പടി കടന്നു മുറ്റത്തേക്ക് കയറിയിരുന്നു.

മീനുവിന്റെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇവളുടെ വിവാഹക്കാര്യത്തെക്കുറിച്ചൊന്നും ഇതുവരെ ഞങ്ങള്‍ ചിന്തിച്ചില്ല.. കുട്ടീടെ അച്ഛനും ഇവിടെയില്ല.. ഹൈദരാബാദില്‍ ആണ് ജോലി... എന്നൊക്കെ അമ്മ അവരോടു പറയുന്നത്‌ കേട്ടു.

"കുട്ടീടെ ചേച്ചിയുടെ മംഗല്യം എന്താത്ര വൈക്യേ?" പല്ലൊക്കെ പോയ ഒരു അപ്പൂപ്പന്‍ അമ്മയോട് ചോദിച്ചു.

"അവളുടെ ജാതകത്തില്‍ ദോഷമുണ്ട്.. ആലോചനകള്‍ ഒന്നും അങ്ങട് ശരിയാവുന്നില്ല.. വയസ്സാണെങ്കില്‍ 28 തികയാന്‍ പോവാ.. എന്താ ചെയ്യാ ഒക്കെ നമ്മുടെ വിധി.. " അമ്മ വിശദീകരിച്ചു. 

"മീനൂന്‍റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു കുട്ടി പറഞ്ഞിട്ടാ ഞങ്ങള്‍ വരുന്നത്.. കുറച്ചു ദൂരേന്നാ.. വന്ന സ്ഥിതിക്ക് കുട്ടിയെ ഞങ്ങളൊന്നു കണ്ടിട്ട് പൊക്കോട്ടെ?.." അവര്‍ ചോദിച്ചു.

അനന്തമായി നീണ്ടു പോയിരുന്ന ചേച്ചിയുടെ കല്യാണം എത്രയും പെട്ടെന്ന് കഴിയുന്നത്‌ സ്വപ്നം കണ്ടു നടന്നിരുന്ന എനിക്ക് ചേച്ചിയെ മറികടന്നുള്ളൊരു
കല്യാണത്തെക്കുറിച്ച്  ഓര്‍ക്കാന്‍ തന്നെ സാധിക്കുമായിരുന്നില്ല. കാലിലൊക്കെ എന്തൊക്കെയോ പെരുത്തു കയറുന്നത് പോലെ.

അമ്മ നിര്‍ബന്ധിച്ചെങ്കിലും ചായയുമായി അവരുടെ അടുത്തേക്ക്‌ ചെല്ലാന്‍ ഞാന്‍ വിസമ്മതിച്ചു.

വീട്ടില്‍ വന്ന ആളുകളെ അപമാനിക്കാന്‍ പാടില്ല.. നിന്നെ കണ്ടയുടനെ അവര്‍ കെട്ടിക്കൊണ്ടൊന്നും  പോവില്ല്യാടീ..  എന്നെല്ലാം പറഞ്ഞു എല്ലാവരും കൂടി എന്നെ ജീവിതത്തില്‍ ആദ്യമായുണ്ടാകുന്ന ആ പെണ്ണ് കാണിക്കല്‍ ചടങ്ങിനായി പൂമുഖത്തേക്ക്‌ തള്ളി വിട്ടു.

 ചായയുമായി പോകുന്ന അമ്മയുടെ പിറകില്‍ മനസ്സില്ലാമനസ്സോടെ ഞാനും..

ഞാന്‍ തെളിച്ചമില്ലാത്ത മുഖവുമായി അവരുടെ മുമ്പില്‍ നിന്നു. ചെറുക്കന്‍ സുമുഖന്‍ തന്നെ. പരമാവധി ഒരു 26 വയസ്സ് പ്രായം ഉണ്ടാവും.

കാരണവന്മാര്‍ ഓരോന്നോരോന്നായി പഠിപ്പ്, പ്രായം ഇത്യാദി അന്വേഷണങ്ങള്‍ തുടങ്ങി.. ആദ്യം അധികം പതറാതെ തുടങ്ങിയ എനിക്ക് പെട്ടെന്ന് നിയന്ത്രണം വിട്ടു.. കണ്ണുകള്‍ നിറഞ്ഞൊഴുകി.. സങ്കടം കാരണം തിരിച്ചു ഓടി പോന്നു.

വന്നവരെയൊക്കെ വിഷമിപ്പിക്കേണ്ടി വന്നു.. ഞാന്‍ തിരിച്ചു പോന്നപ്പോള്‍ ചെറുക്കന്റെ മുഖം വല്ലാതെ മ്ലാനമായി എന്ന് അമ്മ പറഞ്ഞു. നല്ലൊരു ബന്ധം ആയിരുന്നു പോലും.. ചെറുക്കന് ഒന്നാം തരം ജോലിയും..
 
ഭാഗ്യമോ നിര്‍ഭാഗ്യമോ എന്തായാലും ആ സാഹചര്യത്തില്‍ എന്‍റെ  വിവാഹത്തെക്കുറിച്ച് എനിക്കും വീട്ടുകാര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു.

വിവാഹം നടക്കാന്‍ സാധ്യതയില്ലെന്ന് ഇരുകൂട്ടര്‍ക്കും അറിവുണ്ടായിട്ടും അവിചാരിതമായി വെറുതേ ഒരു പെണ്ണുകാണല്‍... യഥാര്‍ത്ഥത്തില്‍ അദ്ദേഹമൊരു ഭാഗ്യവാനായിരിക്കണം അല്ലേ?...  

- മീനു

No comments:

Post a Comment