Wednesday 14 January 2015

ഭയം.. അതുണ്ടെനിക്കില്ലെനിക്ക്



ഭയം..
അതുണ്ടെനിക്കില്ലെനിക്ക്.
ഭയമായിരുന്നു ശൈശവത്തില്‍ കോക്കാച്ചിയെ,
ബാല്യത്തില്‍ കാക്കാലത്തിയെയും,
കൌമാരത്തില്‍ മാടനെയും മറുതയെയും.
എന്നാല്‍ ഭയന്നിരുന്നില്ല ഞാന്‍
എന്നെ തലോടുന്ന കൈകളെയും,
എന്നെ ചുഴിയുന്ന കണ്ണുകളെയും.
ഭയം..
അതുണ്ടെനിക്കില്ലെനിക്ക്.
വീണ്ടും എനിക്ക് ഭയമായിരുന്നു,
അരികിലൂടെ ചീറിപ്പായും വാഹനങ്ങളെയും
ക്ലാസ്സില്‍ ടീച്ചര്‍ തരും ചൂരല്‍പ്പഴങ്ങളെയും
അന്നും ഭയന്നിരുന്നില്ല ഞാന്‍
വാഹനങ്ങളിലെ യാത്രക്കാരെയും
വിദ്യ പകരും അദ്ധ്യാപകമനസ്സിനെയും
ഭയം..
അതുണ്ടെനിക്കില്ലെനിക്ക്.
ഭയപ്പെടുത്തിയെന്നെ പിന്നെയും
റോഡില്‍ കട്ട പിടിച്ചു കിടന്ന ചോരയും,
പിടഞ്ഞു ചേതനയറ്റ യുവശരീരങ്ങളും,
അപ്പോഴും ഞാന്‍ ഭയന്നില്ല
മനസ്സില്‍ ഉറച്ച ആദര്‍ശങ്ങളേയും,
അത് ഓതിത്തന്ന അധരങ്ങളെയും.
ഭയം..
അതുണ്ടെനിക്കില്ലെനിക്ക്.
ഭയമാ ഇന്നെനിക്കു എന്നെ ഞാനാക്കിയ
കരങ്ങളെയും കണ്ണുകളെയും, ഒരിക്കല്‍
പുഞ്ചിരിച്ചിരുന്ന മുഖങ്ങളെയും.
എന്നിട്ടും ഭയക്കുന്നില്ല ഞാനിന്നും
എന്നിലുറച്ച ആദര്‍ശങ്ങളേയും, എന്റെ
മനസാക്ഷിയുടെ തത്വചിന്തകളെയും
ഭയം..
അതുണ്ടെനിക്കില്ലെനിക്ക്.
മീനു

No comments:

Post a Comment