Wednesday 14 January 2015

പ്രകൃതിയുടെ വരദാനം


കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴക്കുമ്പോഴും  

കാലാവസ്ഥാക്കാരുടെ പൊയ്‌ വചനങ്ങള്‍ കേള്‍ക്കുമ്പോഴും
ജലക്ഷാമത്തിന്‍ അലയടികള്‍ മുഴങ്ങുമ്പോഴും 
ഒരുങ്കൂടും കാറിനെ കാറ്റ് കൊണ്ട് പോകുമ്പോഴും
അസ്തമിച്ചിരുന്നില്ല മനസ്സിലെ പ്രതീക്ഷകള്‍...

കാത്തിരിപ്പിന്റെ സുഖം അതുമൊന്നു വേറെ തന്നെ..
ഇന്നല്ലെങ്കില്‍ നാളെ നീ എത്തും എന്ന് മനസ്സ് പറഞ്ഞു.
നിന്നെ മാത്രം പ്രതീക്ഷിച്ചു മരുവുന്ന പാവങ്ങളുടെ
കണ്ണുനീര്‍ നിന്റെ ആനന്ദ കണ്ണീരാല്‍ കഴുകുന്നയാ ദിവസം
ഒഴിവാക്കാനാവില്ല നിനക്കൊരിക്കലുമെന്നു നിനച്ചു.

കാറ്റിന്‍റെ ആരവത്തിനോത്തു പൊടിപടലമുയര്‍ത്തിയും 
മാമരച്ചില്ലകളെ ആട്ടിയുലച്ചു നര്‍ത്തനം ചെയ്യിച്ചും
കാര്‍മേഘങ്ങളെ കൂട്ടിയിടിപ്പിച്ചു ഇടിമുഴക്കം സൃഷ്ടിച്ചും
ഈയാംപാറ്റകളെ മാളത്തില്‍ നിന്ന് പറത്തിയുയര്‍ത്തിയും
പുതുമണ്ണിന്‍ നറുമണം വായുവിലുയര്‍ത്തിയിതാ നീ വന്നു.

വിണ്ട വയലുകള്‍ തന്‍ വിങ്ങും ഹൃദയങ്ങളില്‍
സാന്ത്വനത്തിന്‍ ആയിരം നീര്‍ച്ചാലുകള്‍ തീര്‍ത്തവ
അരുവികളായ് പുഴയായ് വരണ്ട മണ്ണിനു കുളിരേകി
തപിച്ച മാനസങ്ങളില്‍ ആശ്വാസമേകിക്കൊണ്ട്
ശുഷ്ക്കിച്ച തരുക്കള്‍ തന്‍ പരിദേവനമൊടുക്കി  
വരണ്ട ജലാശയങ്ങളില്‍ നിന്‍ സ്നേഹം നിറച്ചു.
 
മാനത്തു തെളിഞ്ഞ ഭംഗിയുള്ള മഴവില്ലിന്റെ
ഏഴു നിറങ്ങള്‍ തന്‍ ശോഭയില്‍ മാലോകരുടെ
സന്തോഷം നിറഞ്ഞ ഹൃദയങ്ങള്‍ തുടിച്ചു നില്‍പ്പൂ.
ഇനിയും നീ ഞങ്ങളെ വിട്ടു പോയിടല്ലേ ഒരിക്കലും
പൂജിച്ചിടാം നിത്യവും ഞങ്ങള്‍ നിന്നെ ആമോദരായ്  
ഞങ്ങളുടെ ഐശ്വര്യങ്ങള്‍ സംരക്ഷിക്കും ദേവനായ്.
- മീനു  

No comments:

Post a Comment