Wednesday 14 January 2015

ബന്ധുരമീ ബന്ധനം...?!




"ആരു പറഞ്ഞു സ്ത്രീ അബലയാണെന്ന്? അവള്‍ സ്നേഹമാണ്, ശക്തിയാണ്,  സംഹാരിണി ആണ്. എന്നാല്‍ സ്വന്തം മഹത്വത്തെക്കുറിച്ച് അവള്‍ക്കു അവബോധമില്ല എന്നതാണ് അവളെ സമൂഹത്തില്‍ നിന്നും എപ്പോഴും ഇടിച്ചു താഴ്ത്താനുള്ള ശ്രമങ്ങളെ അവള്‍ക്കു വകവച്ചു കൊടുക്കേണ്ടി വരുന്നതിന്‍റെ  പ്രധാന കാരണം..

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഇല്ല പോലും... ഇതെന്താ വെള്ളരിക്കാ പട്ടണമോ?  ഇക്കാലത്ത് സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യം എന്താണ്?  വാഹനങ്ങള്‍ ഓടിക്കും, കുടുംബ ഭരണം തൊട്ട് രാജ്യഭരണം  വരെ ചെയ്യുന്നു,   അദ്ധ്യാപകവൃത്തി മുതല്‍ ഐറ്റി കമ്പനി ഉദ്യോഗസ്ഥകളായി വിലസുന്നു.. എന്നാല്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സമൂഹത്തിലെ പുരുഷ വര്‍ഗ്ഗം സ്ത്രീകളെ ആക്രമിച്ച് അസ്വാതന്ത്ര്യം ഉണ്ടാക്കുന്നു എന്ന ഒരു പ്രശ്നമാണു ഇപ്പോള്‍ സംജാതമായിരിക്കുന്നത്. സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ ആരായാലും അവരെ നിലയ്ക്ക് നിര്‍ത്തിയാല്‍ ഈ സമൂഹത്തില്‍ സ്ത്രീക്ക് സ്വാതന്ത്ര്യത്തോടെ  ജീവിക്കാം..."
വാക്കുകളെ ഇരുവശവും മൂര്‍ച്ചയുള്ള വടിവാളുകളാക്കി സ്ത്രീ വിമോചക പ്രസ്ഥാനത്തിന്‍റെ അനിഷേധ്യ നേതാവായ രാധികാ മേനോന്‍ പുരുഷ വിദ്ധ്വേഷത്തില്‍ കത്തിജ്വലിച്ചു കൊണ്ട് സഭയെ ഒന്നടങ്കം പിരിമുറുക്കത്തില്‍ ആഴ്ത്തിക്കൊണ്ട് വീറുള്ള ഒരു പെണ്‍സിംഹത്തെ പോലെ ഘോരമായി ഗര്‍ജിച്ചു കൊണ്ടിരുന്നു. .   

ഇതെല്ലാം കേട്ട് അസഹനീയത തോന്നിയ സുകന്യ അവിടെ നിന്നും എഴുന്നേറ്റു പുറത്തെ വരാന്തയിലൂടെ നടന്നു ദൂരെ കാടു പിടിച്ചു കിടന്നിരുന്ന വിജനമായ പറമ്പിലേക്ക് നോക്കി ചിന്താവിഷ്ടയായി നിന്നു.

'എന്തിനായിരിക്കും ഇത്തരം പ്രഹസനങ്ങള്‍?..സത്യത്തില്‍ ഇവര്‍ക്കെല്ലാം എന്തറിയാം ഈ മിഥ്യയാം തടവറയെയും മോചനത്തെയും കുറിച്ചൊക്കെ?.. ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ അതൊക്കെ ഏറ്റു പറഞ്ഞു നടക്കാനല്ലാതെ അവയുടെ നിജസ്ഥിതിയിലേക്ക് കടന്നു ചെന്ന് ചിന്തിക്കാന്‍ എത്ര പേര്‍ തുനിയുന്നുണ്ട്?.. കഷ്ടം.. ഇതാണ് മിക്ക ഫെമിനിസറ്റുകളുടേയും വനിതാ സംഘടനകളുടേയും അന്ധമായ ചിന്താഗതി.യഥാര്‍ത്ഥ പ്രശ്നങ്ങളെ വേണ്ട രീതിയില്‍ വിലയിരുത്താതെ ഉള്ള അടിത്തറയില്ലാത്ത എല്ലാ സമരങ്ങളും പരാജയമായിരിക്കും. തന്‍റെ  ജീവിതത്തില്‍ താന്‍ അകപ്പെട്ട തടവറകളില്‍ നിന്നൊന്നും ഒരിക്കലും മോചിതയാകരുതേ എന്നാണു എന്നും ആഗ്രഹിച്ചിട്ടുള്ളത്‌. സ്നേഹത്തിന്‍റെ തടവറയില്‍ എന്നും ബന്ധനസ്ഥയായി കിടക്കാന്‍ ആയിരുന്നു തനിക്കിഷ്ടം.

അമ്മയുടെ ഉദരമാകുന്ന തടവറയില്‍ ഉരുവെടുത്തു പൊക്കിള്‍ക്കൊടിയില്‍ ഒരു ഭയവുമില്ലാതെ ഊഞ്ഞാലാടി സുരക്ഷിത ബോധത്തോടെ കഴിഞ്ഞ എന്നെ മാസങ്ങള്‍ക്ക് ശേഷം അതില്‍ നിന്നും സ്വതന്ത്രമാക്കിയ നിമിഷം തന്നെ ഞാന്‍ ആ സ്നേഹത്തടവറ നഷ്ടത്തില്‍ കാറിക്കരഞ്ഞു. 

പിന്നീട് അമ്മിഞ്ഞപ്പാലിലൂടെ അമ്മ തന്ന അളവില്ലാത്ത സ്നേഹം എന്നെ വീണ്ടും ഒരു സ്നേഹച്ചങ്ങലയില്‍ ബന്ധിക്കപ്പെടുകയായിരുന്നു . ആ സ്നേഹത്തിന്റെ ആര്‍ദ്രതയില്‍ ഞാന്‍ എന്‍റെ സ്വര്‍ഗം സൃഷ്ടിച്ചു.  ഏകദേശം രണ്ടു വര്‍ഷം കടന്നു പോയപ്പോള്‍ എനിക്കൊരു കൂടപ്പിറപ്പുണ്ടായത്തോടെ വീണ്ടും ആ സ്നേഹച്ചങ്ങല വിഘടിച്ചു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദ്ദം ആ സ്നേഹബന്ധനത്തില്‍ നിന്ന് അല്‍പ്പം അകറ്റി നിര്‍ത്തിയപ്പോള്‍ ഞാന്‍ അങ്കലാപ്പിലായി.  അങ്ങനെ ഞാന്‍ അച്ഛന്റെ ചെല്ലക്കുട്ടിയായി ഏതു നേരവും അച്ഛന്‍റെ പുറകെ നടക്കുന്ന അച്ചടക്കമുള്ള ഒരു കുട്ടിയായി മാറി. അന്ന് അച്ഛന്‍ ആയിരുന്നു എനിക്ക് സര്‍വസ്വവും. അച്ഛന്‍ പറഞ്ഞു തന്ന കാര്യങ്ങള്‍ എല്ലാം അണുവിട തെറ്റാതെ പാലിച്ചും അനുസരിച്ചും പോന്നു. അറിവിന്‍റെ ആദ്യപാഠങ്ങള്‍ ആര്‍ജ്ജിച്ചു ആ സ്നേഹക്കയത്തില്‍ സന്തോഷത്തോടെ ആവോളം ആറാടി തിമിര്‍ത്തു. .

ആ ബന്ധനത്തില്‍ നിന്നും മോചിപ്പിക്കാനായി കൌമാരം എത്തിയപ്പോള്‍ സഹോദരിമാര്‍ തീര്‍ത്ത സ്നേഹച്ചക്രവ്യൂഹത്തിലെ സംരക്ഷണം എനിക്ക് ആശ്വാസമായി. ജീവിതത്തില്‍ വീണ്ടും നിറക്കൂട്ടുകള്‍ വാരി വിതറിക്കൊണ്ട് കാലം മുന്നോട്ടു പോയി.

യവ്വനം ആഗതമായത്തോടെ സന്തോഷഭരിതമായ സഭയെ സാക്ഷി നിര്‍ത്തി ഒരു പുരുഷന്‍ വന്നു കഴുത്തില്‍ നൂലു കെട്ടി അദ്ദേഹത്തിന്‍റെ തടവറയിലേക്കെന്ന പോലെ കൊണ്ടു പോകുമ്പോഴും എന്നും തടവറയെ സ്നേഹിച്ചിരുന്ന എനിക്ക് തെല്ലും ആശങ്കകളുണ്ടായിരുന്നില്ല. ജീവിത പങ്കാളിയുടെ ബലിഷ്ടമായ കരവലയം സൃഷ്ടിക്കുന്ന തടവറയ്ക്കുള്ളില്‍ ആവോളം സ്നേഹം അനുഭവിച്ചു ജീവിതം സന്തോഷകരമായിത്തന്നെ മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയും എന്നുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നു. 

എന്നാല്‍ അവിടെ തനിക്ക് പിഴച്ചുവോ? എന്നും ബന്ധനങ്ങളെ ആസ്വദിച്ചിരുന്ന തനിക്കു ആദ്യമായി മറ്റുള്ളവര്‍ ഒരുക്കിത്തന്ന തടവറയില്‍ സര്‍വ സൌകര്യങ്ങളുടെയും നടുവിലും സന്തോഷം അനുഭവിക്കാനാവാതെ കഴിയേണ്ടി വന്നു. ബിസിനസ് കാര്യങ്ങളില്‍ എപ്പോഴും തിരക്കിലായിരുന്ന ഭര്‍ത്താവിനു സ്നേഹം പങ്കുവയ്ക്കാനും ലാളിക്കാനും സാന്ത്വനിപ്പിക്കാനുമൊന്നും സമയം തികയുമായിരുന്നില്ല. അദ്ദേഹത്തിന്‍റെ വീട്ടുകാരാണെങ്കില്‍ ഔപചാരികതയില്‍ പൊതിഞ്ഞ സ്നേഹപ്രകടനങ്ങള്‍ ചൊരിഞ്ഞപ്പോള്‍ പുതിയ തടവറയില്‍ തനിക്കു ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു തുടങ്ങി. ബന്ധനം നിര്‍ബന്ധിതം ആവുമ്പോള്‍ അത് ആസ്വദിക്കാന്‍ സാധിക്കില്ല എന്ന യഥാര്‍ത്ഥ്യം അന്ന് ആദ്യമായി ഞാന്‍ മനസ്സിലാക്കി. അതേ വരെയുള്ള ബന്ധനങ്ങള്‍ എല്ലാം താന്‍ സ്വയം ചെന്നു വരിച്ചവ ആയിരുന്നല്ലോ. അത് കൊണ്ട് അവയെല്ലാം നന്നായി ആസ്വദിക്കാനും സാധിച്ചിരുന്നു.

എന്നാല്‍ ഏതാനും വര്‍ഷത്തെ കഠിന തടവിനു അറുതി വരുത്തിക്കൊണ്ട് ഒരു കൊച്ചുവാവയുമായുള്ള സ്നേഹബന്ധനത്തില്‍ കുരുങ്ങി ജീവിതം വീണ്ടും സന്തോഷപ്രദമാക്കാനുള്ള അനുഗ്രഹം ദൈവം തന്നു. തടവറയിലെ ഏകാന്തത അവസാനിച്ചു. രണ്ടുനാലു വര്‍ഷത്തിനു ശേഷം ആ തടവറയിലെ സ്നേഹം പങ്കുവയ്ക്കുവാനായി മറ്റൊരു കുഞ്ഞും വന്നു ചേര്‍ന്നപ്പോള്‍ തടവറ ജീവിതം ഒന്ന് കൂടി ആഹ്ലാദകരമായി.

ഈ ബന്ധനത്തില്‍ നിന്നും ഒരിക്കലും താന്‍ മോചിതയാകുകയില്ല എന്ന സന്തോഷത്തില്‍ വര്‍ഷങ്ങള്‍ തള്ളി  നീക്കവേ കാലചക്രത്തിന്റെ തിരിച്ചിലിനിടയില്‍ രണ്ടു മക്കളും വിവാഹിതരായി മറ്റുള്ളവരുടെ ബന്ധനത്തില്‍ അകപ്പെട്ടപ്പോള്‍ താന്‍ ഏകാന്തതയുടെ തടവിലായി. ആ ജീവിതത്തിലെ വിരസത ഒഴിവാക്കാന്‍ ഇപ്പോള്‍ പുസ്തകങ്ങളെ കൂട്ടുകാരാക്കി വായനവും എഴുത്തും സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി ജീവിക്കുന്നു. ഇതും എല്ലാ അര്‍ത്ഥത്തിലും ഞാന്‍ ആസ്വദിക്കുന്നു. തടവറകളില്‍ നിന്നും തടവറകളിലേക്കുള്ള നിരന്തരമായ പ്രയാണം ആണല്ലോ ജീവിതം. ആ സാഹചര്യങ്ങളെ പരമാവധി ഉള്‍ക്കൊള്ളുന്നതാണല്ലോ ജീവിത വിജയം.    

ഇനി ഒരിക്കലും മോചനം ലഭിക്കാത്ത ഒരു തടവറ കൂടി ഞാന്‍ ആഗ്രഹിക്കുന്നു. ദേഹിയെ സ്വതന്ത്രമാക്കി ദേഹത്തിനു നിത്യമായി വിശ്രമിക്കാന്‍ ഉതകുന്ന, പരിഭവങ്ങളും പരാതികളും ഉയരാത്ത ആറടി മണ്ണില്‍ തീര്‍ക്കും തടവറ.

"സുകന്യ ഇവിടെ നില്‍ക്കാണോ? ഞാന്‍ എവിടെയൊക്കെ തിരഞ്ഞുവെന്നറിയോ? വരൂ യോഗം കഴിയാറായി. സ്ത്രീകള്‍ക്കെതിരെ സമൂഹം പടുത്തുയര്‍ത്തിയിരിക്കുന്ന തടവറകള്‍ ഭേദിക്കാനുള്ള ഐക്യദാര്‍ഡ്യ പ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ വേഗം വരൂ"    ഇത് കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ മഹിളാസമാജം സെക്രട്ടറി സൂസന്നാ ജോണ്‍ നില്‍ക്കുന്നു.

ഒന്നും ഉരിയാടാതെ അവരെ യോഗസ്ഥലത്തേക്ക് അനുഗമിക്കുമ്പോഴും സുകന്യയുടെ മനസ്സില്‍ ചിന്തകള്‍ വീണ്ടും വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു.   

'സ്നേഹബന്ധങ്ങള്‍ തീര്‍ക്കുന്ന ബന്ധനങ്ങളില്‍ നാം അസ്വസ്ഥരാകേണ്ടതുണ്ടോ? അന്ധമായ സ്വാതന്ത്ര്യമോഹങ്ങള്‍ അബദ്ധങ്ങളേ ക്ഷണിച്ചു വരുത്തൂ.... സമൂഹത്തില്‍ പേരും പ്രശസ്തിയും ഉണ്ടാക്കാനായി സമാധാനപരമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന മറ്റുള്ളവരെയും വിഡ്ഢിവേഷം കെട്ടിച്ചുള്ള ഈ പോക്ക് എങ്ങോട്ട്? എന്തായിരിക്കും അതിന്റെ അനന്തരഫലം?

പുരുഷനില്‍ നിന്നല്ല സ്ത്രീ സ്വാതന്ത്ര്യം നേടേണ്ടത്. പകരം അറിവില്ലായ്മയില്‍ നിന്നും എടുത്തുചാട്ടം കൊണ്ട് അറിയാതെ ഉള്‍പ്പെടുന്ന ചൂഷണത്തില്‍ നിന്നുമൊക്കെയാണ്.
സ്വാതന്ത്രത്തിന്‍റെ പേരും പറഞ്ഞു പോരാടി സ്നേഹത്തടവറകളെ തകര്‍ത്തു കൊണ്ട് സമാധാനജീവിതം നഷ്ടമാക്കാനുള്ള ശ്രമങ്ങളല്ലേ ഏറെക്കുറെ ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്? കലികാലം എന്നല്ലാതെ എന്ത് പറയാന്‍?...'


ബസ്സ്‌ സ്റ്റോപ്പില്‍ ബസ്സ്‌ വന്നു ഹോണടിച്ചപ്പോള്‍ ചിന്തയില്‍ നിന്നുണര്‍ന്ന സുകന്യ തിടുക്കത്തില്‍ എഴുന്നേറ്റ് അതില്‍ കയറി.  

No comments:

Post a Comment