Wednesday 14 January 2015

പാര്‍വണേന്ദു മുഖീ പാര്‍വതി...



പാറു .....എന്താപ്പോ പറ്റ്യേ നിനക്ക്?.. വല്ലാതെ വാടിയിരിക്കുന്നല്ലോ?

കുസൃതികളും ചിരിയുമില്ലാത്ത നിന്‍റെയീ ഉള്ള ഈ മുഖഭാവം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. നിന്‍റെയാ നിര്‍മ്മലമായ പുഞ്ചിരിയല്ലെ എന്നിലെ ചുറുചുറുക്ക് എന്ന് നിനക്കറിയില്ല്യേ? .....
ഞാന്‍ നിന്‍റെ അടുത്തു വന്നിട്ടും നിന്‍റെ മുഖത്തൊരു തെളിച്ചമില്ലല്ലോ.. പാറൂ നിനക്കെന്താടാ പറ്റ്യേ?

വീട്ടുകാരേം കൂട്ടുകാരേം ഒക്കെ മറന്നു നീ മാത്രമാണെന്റെ ലോകം എന്ന് വിചാരിച്ചിരിക്കുന്ന എന്നെ നീ അവഗണിക്കുകയാണോ? ഒരാളുടെയും വാക്കുകള്‍ അനുസരിക്കാത്ത ഞാന്‍ നിന്‍റെ സ്നേഹമുള്ള വാക്കുകള്‍ എന്‍റെ നെഞ്ചിലേറ്റി ആ സ്നേഹത്തിനു മുന്നില്‍ ഒരു അടിമയായല്ലേ  ജീവിക്കുന്നത്? നിന്‍റെ നിശ്വാസങ്ങളല്ലേ എന്‍റെ ഹൃദയത്തിലെ കത്തിയെരിയുന്ന നെരിപ്പോടിനെ എപ്പോഴും അണയ്ക്കാറുള്ളത്? നിന്‍റെയീ വിഷാദഭാവം ഇപ്പോള്‍ അതിനെ ആളിക്കത്തിക്കുന്നു.

നീയുമെന്നെ വെറുത്തു തുടങ്ങി എന്നര്‍ത്ഥം.. എന്റെ സാമീപ്യം നിനക്കിപ്പോള്‍ മടുപ്പുണ്ടാക്കിത്തുടങ്ങിയിരിക്കുന്നു.. എന്താണെങ്കിലും എന്നോട് ഒന്ന് തുറന്നു പറഞ്ഞൂടെ?
നിന്നെ മനസ്സിലാക്കാന്‍ ഈ ഭൂമിയില്‍ എന്നെ പോലെ വേറെ ആരുമില്ലെന്ന് നിനക്കറിയില്ലേ?

ഒന്ന് ഞാന്‍ പറയാം.. നീയെന്റെ പ്രാണനാണ്‌ ....... നീയില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാന്‍ പറ്റില്ല.. വിഷമങ്ങള്‍ ഇങ്ങനെ മനസ്സിലിട്ടു നീറ്റാതെ കാര്യം തുറന്നു പറയൂ എന്‍റെ പൊന്നേ.. എന്തുണ്ടായാലും അപ്പോള്‍ തന്നെ നിന്നോട്
ഞാന്‍ തുറന്നു പറയാറില്ല്യെ? അതുപോലെ നിനക്കുമെന്താ എന്നോട് പറഞ്ഞാല്‍? 

ശിവേട്ടാ.. അങ്ങനെയൊന്നൂല്ല്യാന്നെ ....മനസ്സിനൊരു വല്ലായ്മ.... പിന്നെ  ചെറിയൊരു തലവേദനയും.. കുറച്ചു കഴിഞ്ഞാല്‍ മാറിക്കോളും. അതിനെക്കുറിച്ചിപ്പോള്‍ ടെന്‍ഷനടിക്കണ്ട... എല്ലാം എന്‍റെ വിധി...

പാറൂ.. വേണ്ടാട്ടോ... എനിക്ക് ദേഷ്യം വരുന്നുണ്ട്. എന്താ നിന്‍റെ മനസ്സില്‍ ഉള്ളതെങ്കില്‍ ഇപ്പൊ എനിക്കറിയണം.. അത് പറഞ്ഞിട്ട് മതി ഇനി മറ്റൊരു സംസാരം.. അല്ലെങ്കില്‍ ഞാന്‍ എന്നെത്തന്നെ നശിപ്പിക്കും.. നോക്കിക്കോ.. 
ശിവേട്ടാ..  എന്നോട് ദെഷ്യപ്പെടല്ലേ.. ഞാന്‍ പറയാം...... ചിലപ്പോള്‍ വെറും എന്റെ തോന്നലുകള്‍ ആവാം.. എന്നാലും ഈ കാര്യം എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നു..എനിക്കത് തീരെ സഹിക്കാനാവുന്നില്ല.

ഞാന്‍ ശിവേട്ടന്റെ ജീവനാണ് .എന്നെ അത്രക്കും സ്നേഹിക്കുന്നുണ്ടെന്നും ഒക്കെ എനിക്കറിയാം.. എന്നാലും ശിവേട്ടനെന്നെ വിട്ടു പോകുമോയെന്നു ഞാന്‍ ഭയക്കുന്നു. ഞാന്‍ വെറുമൊരു ഒരു കുശുംബിയാണെന്നു ശിവേട്ടന്‍ വിചാരിക്കരുത്.. ശിവേട്ടന്റെ ചില പെരുമാറ്റങ്ങള്‍ എനിക്ക് സങ്കടം ഉണ്ടാക്കുന്നു.

ആ ഗംഗയുമായി എന്താണ് ശിവേട്ടനിത്രേം അടുപ്പം? അവര്‍ നല്ലവരും സുശീലയും നല്ലൊരു സാമൂഹ്യ പ്രവര്‍ത്തകയുമൊക്കെയാണെന്നു എനിക്കറിയാം. എങ്കിലും അവളുടെ ചേട്ടനോടുള്ള അടുപ്പം.... അവളുമായുള്ള ചേട്ടന്റെ അടുത്തിടപഴകല്‍ എനിക്ക് എന്തോ സഹിക്കാനാവുന്നില്ല. എന്‍റെ മനസ്സില്‍ ആയിരം വ്യാകുലതകള്‍ അതുണ്ടാക്കുന്നു. ഞാന്‍ വല്ലാതെ തളര്‍ന്നു പോകുന്നു.....

ഞാന്‍ സഹിച്ചോളാം ശിവേട്ടാ എന്നെ മടുത്തു തുടങ്ങിയെന്നു ഒരു വാക്ക് പറയുകയാണെങ്കില്‍...ഞാനില്ലാത്തതാണ് എന്റെ ശിവേട്ടന് കൂടുതല്‍ സന്തോഷം നല്‍കുന്നതെങ്കില്‍ അങ്ങനെ ആയിക്കോളൂ.. എനിക്ക് പരിഭവമോ പരാതിയോ ഇല്ല..

ശിവേട്ടന്‍ എന്നോടിതുവരെ കാണിച്ചതൊക്കെ വെറും അഭിനയം ആയിരുന്നോ എന്ന് വരെ തോന്നിപ്പോകുമ്പോള്‍ എന്‍റെ നെഞ്ചു തകരുന്നു.. 


എന്ത് വട്ടാണീ നീയീപ്പറയുന്നത് എന്‍റെ പാറൂ... നിന്നെ എനിക്ക് കിട്ടിയപ്പോള്‍ ഞാന്‍ ഇത് വരെ വിചാരിച്ചിരുന്നത്
എന്നെ മനസ്സിലാക്കാന്‍ ലോകത്തിലോരാളെങ്കിലും  ഉണ്ടെന്നാണ്..
ഈ നാട്ടുകാര് മൊത്തം പഴി പര്നജപ്പോഴും ഞാനതൊക്കെ നിസ്സാരമാക്കി കളഞ്ഞു. എനിക്ക് എന്റെ സ്വന്തമായി നീയുണ്ടല്ലോ എന്ന അഹങ്കാരത്തില്‍ ഇപ്പൊള്‍ ഞാന്‍ ഒന്നുമല്ലാതെ ആയിപ്പോയി........

എന്‍റെ ആത്മാര്‍ത്ഥതയെയും വ്യക്തിത്വത്തെയും ആണ് ഇപ്പോള്‍ നീ ചോദ്യം ചെയ്തിരിക്കുന്നത്...ഹും... എനിക്കിനി ജീവിക്കണ്ടാ..... എന്‍റെ നെഞ്ച് പിടക്കുന്നു... എന്തോ ഭാരം കൂടുന്ന പോലെ.. ഇങ്ങനെ നീ എന്നെ സംശയിക്കുകയാണെകില്‍...  എനിക്കിനി കാണണ്ട
നിന്നെ... പാറൂ നീ പോ .... എന്റെ കണ്‍മുന്നില്‍ വന്നു പോകരുത്..

എനിക്കിനി ജീവിക്കേ വേണ്ടാ...ഇപ്പൊ ഈ നിമിഷം ഒന്നു മരിച്ചു കിട്ടിയെങ്കില്‍...


ശിവേട്ടാ......... ടെന്‍ഷനടിക്കല്ലേ... പ്ലീസ്... ശിവേട്ടാ... എന്‍റെ പൊന്നല്ലേ...  ഇങ്ങനെ വിഷമിക്കല്ലേ......... എനിക്ക് മാപ്പ് തരണേ......... 

എന്‍റെ മനസ്സില്‍ തോന്നിയ കാര്യം എന്‍റെ ശിവേട്ടനോടല്ലാതെ ഞാന്‍ ആരോടാ ഇതൊക്കെ പറയാ?.. ഒക്കെ ചിലപ്പോള്‍ എന്‍റെ തോന്നലുകള്‍ ആയിരിക്കും.... ക്ഷമിക്കണേ.. 
മനസ്സിന് വിഷമം കൊടുക്കരുത്.... ഞാന്‍ നെഞ്ചില്‍ തലോടിത്തരാം ....ഇപ്പൊ ഒക്കെ മാറുംട്ടൊ..
 

പാറൂ.. നീയല്ലാതെ എനിക്കാരുമില്ലാ എന്റേതെന്നു പറയാനീ ഈ ലോകത്തില്‍..  വേണ്ടാ എനിക്ക് മറ്റാരേയും.. അവരെത്ര വലിയവരായാലും..  
നിന്‍റെയീ സ്നേഹത്തിനു മുന്നില്‍ ഈ ലോകത്തിലെ മറ്റെന്തുമെനിക്ക് നിസ്സാരമാണ്.. നിന്‍റെയീ ആശ്വാസവാക്കുകള്‍ എനിക്കിപ്പോള്‍ ഉന്മേഷം തരുന്നു..
നിനക്ക് അങ്ങനെ ഒരു വിഷമം ഉണ്ടാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു...

ഗംഗയെ നിനക്കറിയില്ലേ ..അവള്‍ വെറുമൊരു പാവമല്ലേ?...ആരും സഹായത്തിനില്ലാത്തവര്‍... പിന്നെ അവളുടെ നിസ്വാര്‍ത്ഥമായ സ്വഭാവത്തെ നമ്മള്‍ മാനിക്കേണ്ടതല്ലേ? നിന്നെയുമായി വലിയ കൂട്ടും ആണല്ലോ അവള്‍?

എനിക്കവളോട് പ്രത്യേക ഒരു അടുപ്പമോ മമതയോ ഒന്നും തന്നെയില്ല.. ജോലി സംബന്ധമായ കഴിയാവുന്ന സഹകരണങ്ങള്‍ ചെയ്തു കൊടുക്കുന്നു.. അത്ര മാത്രം..
ഇനി നിനക്ക് ഞാന്‍ അവരോടു സംസാരിക്കുന്നതും ഇടപഴകുന്നതും  ഇഷ്ട്ടമല്ലെങ്കില്‍ ഇനി ആ വഴിക്കേ പോകുന്നില്ല.. പോരേ?..

എനിക്ക് നീയാണ് എല്ലാത്തിനെക്കാളും വലുത്. നിന്നെ മാറ്റി നിര്‍ത്തിയുള്ള ഒരു കര്‍മ്മവും എനിക്ക് ചെയ്യണ്ട.. അതിന്‍റെ വിഷമതകള്‍ ഞാന്‍ സഹിച്ചോളാം..
അയ്യോ.. അങ്ങനെ ഒന്നും വേണ്ട ശിവേട്ടാ.. .എനിക്കെന്‍റെ ശിവേട്ടന്‍ പറഞ്ഞാല്‍ വിശ്വാസമാണ്..ശിവേട്ടന്റെ ഈ വ്യക്തിത്വം എപ്പോഴും ശിവേട്ടന്‍ കാത്തു സൂക്ഷിക്കണം.. അതാണ്‌ ശിവേട്ടനെ മറ്റുള്ളവരില്‍ നിന്നും എപ്പോഴും വ്യത്യസ്തനാക്കുന്നത്... മറ്റുള്ളവര്‍ ശിവേട്ടനെ പുകഴ്ത്തിപ്പറയുന്നതൊക്കെ കേള്‍ക്കാന്‍ എനിക്കിഷ്ടാ ... 

സംശയിച്ചതിനു എന്നോട് ക്ഷമിക്കണം.. ഇനി ഇങ്ങനെ ഉള്ള നശിച്ച തോന്നലുകള്‍ എന്റെ മനസ്സില്‍ വരാതിരിക്കട്ടെ.. എന്‍റെ മനസ്സ് ശിവേട്ടനെ പ്രതി സ്വാര്‍ത്ഥമാണ്. അതാണ്‌ എല്ലാ സംശയങ്ങള്‍ക്കും കാരണം എന്നെനിക്കു മനസ്സിലായി. തൊഴില്‍ സംബന്ധമായി ശിവേട്ടന്   ഒരുപാട് പേരുമായി ഇടപഴകേണ്ടി വരും എന്നതൊക്കെ ആ സ്വാര്‍ത്ഥ ചിന്തയില്‍ ഞാന്‍ മറന്നു പോകുന്നു. ഇനി അങ്ങനെ ഉണ്ടാവില്ല്യാ  ട്ടോ.. വിഷമിക്കരുതേ.. 

പാര്‍വതിയുടെയും ശിവന്‍റെയും മനസ്സ് ശാന്തമായി... മഞ്ഞുപുതച്ച ആ കൈലാസവും!...
- മീനു

1 comment: