Wednesday 14 January 2015

അമ്മുക്കുട്ടിയമ്മയുടെ കണി



മുറ്റത്തെ തെങ്ങില്‍ ഇരുന്നു കാക്കകള്‍ കലപില കൂട്ടുന്നു. ചീവിടുകളുടെ മൂളക്കം നിലച്ചിട്ടില്ല. രാത്രി മുഴുവന്‍ ഉറങ്ങിയുറങ്ങി ചുവന്നു കലങ്ങിയ കണ്ണുകളും തിരുമ്മി കൊണ്ട് മടിയോടെ മന്ദം മന്ദം സൂര്യന്‍ കിഴക്കേ മല കയറി വരുന്നുണ്ട്. പാടത്തെ വെള്ളത്തില്‍ പരല്‍മീനുകള്‍ തുള്ളിച്ചാടുന്നു. പുതിയൊരു ദിവസത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രകൃതിയുടെ അന്തേവാസികള്‍.
വൃശ്ചികപ്പുലരിയുടെ കുളിരിനെ വക വയ്ക്കാതെ ഇഷ്ട്ട ദൈവത്തെ പ്രാര്‍ത്ഥിച്ചു കൊണ്ട് അമ്മുക്കുട്ടിയമ്മ വലതു ഭാഗം കൊണ്ട് എഴുന്നേറ്റു. ഇന്ന് മുപ്പട്ടു വെള്ളിയാഴ്ചയാണ്..... കുറെ കാലമായി കാടാമ്പുഴ അമ്മയെ ഒന്ന് തൊഴുതിട്ടു. ഇന്ന് പോകണം തെക്കേലെ ശാന്തയും വരാമെന്നു പറഞ്ഞിട്ടുണ്ട്
ആരാണാവോ ഈ രാവിലെ കാളിംഗ് ബെല്‍ അടിക്കുന്നത്?... ശാന്ത ആയിരിക്കും..... അവള്‍ ഇത്ര പെട്ടെന്ന് പുറപ്പാടൊക്കെ കഴിഞ്ഞു വന്നോ... നേരം വൈകിയോ എന്റെ ദേവി.......വേഗം ചെന്ന് കതകു തുറന്നു
ങേ.. ആരാണിത് ദൈവമേ.. ഇത് അപ്പുകുട്ടന്‍ പണിക്കര്‍ അല്ലെ..... എന്റെ ദേവീ ഇയാളെന്തിനാ രാവിലെ തന്നെ എഴുന്നെള്ളിയിരിക്കണേ.. ഇന്നത്തെ എന്റെ കാര്യം പോക്കാണ്. പണിക്കരെ ശകുനം കണ്ടാല്‍ പിന്നെ ഒരു ദിവസം അല്ല മൂന്നു ദിവസം കഴിഞ്ഞേ മനസ്സില്‍ ഉദ്ദേശിച്ച കാര്യത്തിന് ഇറങ്ങാവൂ എന്നാണ്....
"എന്താ പണിക്കരെ രാവിലെ തന്നെ?" തെല്ലൊരു നീരസത്തോടെ ഉള്ളില്‍ വന്ന ആന്തലുകള്‍ ഒക്കെ മറച്ചു പിടിച്ചു കൊണ്ട് അമ്മുക്കുട്ടിയമ്മ ചോദിച്ചു.
"അമ്മുകുട്ടിയമ്മേ നിങ്ങള്‍ക്ക് പാല് വേണോ? ഞാന്‍ ഒരു പശുവിനെ വാങ്ങിയിട്ടുണ്ടേ...."
മനസ്സിലോര്‍ത്തു.. നല്ല കാര്യമാണല്ലോ .പുത്തന്‍വീടിലെ പശുവിന്റെ പാല്‍ വറ്റി തുടങ്ങി അത് കൊണ്ട് അടുത്ത ആഴ്ച തൊട്ടു പാലുണ്ടാവില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇനി എന്ത് ചെയ്യും എന്ന് വിചാരിക്കുമ്പോഴാണ് പണിക്കര്‍ വന്നു ഇത് പറയുന്നത്... പക്ഷെ പെട്ടെന്ന് അവര്‍ക്ക് ഒരു അപകടം മണത്തു. എന്നും രാവിലെ പാലും കൊണ്ട് വരുന്ന ഇയാളെ തന്നെ രാവിലെ എണീറ്റു കണി കാണേണ്ടി വരില്ലേ.. പാല് കുടിച്ചില്ലാച്ചാലും വേണ്ടില്ല. വയ്യാവേലി ഒഴിവാക്കുകയാണ് ബുദ്ധി.
"ഇവിടെ പാലോന്നും വേണ്ട.. വേറെ വിശേഷം ഒന്നുമില്ലല്ലോ പണിക്കരെ? ഇല്ല എന്ന് പറഞ്ഞു പണിക്കര്‍ പോയി....
അയാൾ പടിയിറങ്ങി പോകുന്നതും നോക്കി അമ്മുകുട്ടിയമ്മ ഒരു നിമിഷം നിന്നു. എല്ലാ ഉഷാറും പോയ പോലെ
ഭഗവതീ ഇനിയിപ്പോ പോയാലെന്താവും നന്നായി തൊഴാൻ പറ്റുമോ..... മനസ്സില്ലാമനസ്സോടെ പണിക്കരെ മനസ്സിൽ ശപിച്ചു കൊണ്ട് അവർ യാത്രക്കുള്ള തയ്യാറെടുപ്പുകൾ എടുത്തു.
.ഇന്നത്തെ പോക്ക് എന്താവും എന്നാ ചിന്ത.. മനസ്സിലെ അങ്കലാപ്പ് വര്‍ദ്ധിക്കുന്നു...
"ഓപ്പോളേ പോവാൻ റെഡി ആയില്ലേ......" ദേ പൂമുഖത്ത് നിന്നും ശാന്ത വിളിക്കുന്നു .
ഒക്കെ എടുത്തു വച്ചില്ലേ എന്ന് ഒന്ന് കൂടി ഉറപ്പാക്കി അമ്മുക്കുട്ടിയമ്മ എല്ലാ ദൈവങ്ങളെയും മനസ്സില് ധ്യാനിച്ച്‌ പുറത്തിറങ്ങി. അഞ്ചേ മുക്കാലിന്റെ 'ഭാവന' ഇപ്പൊ വരും........ നമുക്ക് ഇത്തിരി വലിഞ്ഞു നടക്കാം ഓപ്പോളേ ...... ശാന്തയുടെ വെപ്രാളം ഉള്ള വാക്കുകൾ വീണ്ടും അമ്മുകുട്ടി അമ്മയെ ഭീതിയിലാക്കി.... ഈ പണിക്കര് കാരണം എന്തൊക്കെ തൊന്തരവുകൾ ആണോ വരാൻ പോകുന്നത്.......
വീട്ടില്‍ നിന്നും ഇടവഴിയിലേക്ക് ഇറങ്ങിയപ്പോള്‍ അവരുടെ സാരിയുടെ തല വേലിയിലെ മുള്ളില്‍ കൊളുത്തി അല്‍പ്പം കീറി. ടാറിട്ട റോഡിലെത്തിയപ്പോഴേക്കും പൊടി പറപ്പിച്ചു കൊണ്ട് ഭാവന ഭാവനയുടെ വഴിക്ക് പോയി..... ശാന്തയെ വിഷമിപ്പിക്കണ്ട എന്ന് വച്ച് പണിക്കര് വന്ന കാര്യം അത് വരെ മൂടി വച്ചിരുന്നു .ഇനിയും പറയാതിരിക്കാന്‍ പറ്റുന്നില്ല.
ഇന്നത്തെ കാര്യം പോക്കാണ് ശാന്തേ .ഇന്ന് പുലര്‍ച്ചെ തന്നെ ആ പണിക്കരു വന്നിരുന്നു. അയാളാണ് എന്റെ കണി.
"ങേ... " അത് കേട്ട് ശാന്തയിലും പെട്ടെന്ന് ഒരു ഞെട്ടൽ ഉണ്ടായി. "എന്നിട്ടെന്തേ ഓപ്പോള്‍ എന്നോട് പറയാഞ്ഞേ?.. നമുക്കിന്നത്തെ യാത്ര വേണ്ടാന്ന് വയ്ക്കാമായിരുന്നു"
"മകള്‍ക്ക് വയസ്സ് ഇരുപത്തിയേഴ് കഴിഞ്ഞു ജാതക ദോഷം കാരണം ഇത് വരെയും കല്യാണം നടന്നില്ലേ. പാടൂര് പണിക്കര്‍ അതിനു ഒരു പരിഹാരമായി പറഞ്ഞതാണ് കാടാമ്പുഴ അമ്മക്ക് ഒരു താലി ചാര്‍ത്താന്‍ അത് പ്രകാരം ആണ് അവളുടെ പിറന്നാളിന്റെ അന്ന് തന്നെ താലി ചാര്‍ത്താനായി പോകാമെന്ന് വച്ചത്. അവള്‍ക്കാണെങ്കില്‍ ഇപ്പോള്‍ അമ്പലത്തില്‍ വരാനും പറ്റില്ല....... അത് കൊണ്ട് എന്തൊക്കെ ശകുനപ്പിഴകള്‍ ഉണ്ടെങ്കിലും പോയേ പറ്റൂ....." അമ്മുക്കുട്ടിയമ്മ ശാന്തയോട് പറഞ്ഞു.
പിന്നെ വന്ന 'മുരുകന്‍' ബസ്സില്‍ കയറി അവര്‍ യാത്രയായി.............അതിന്റെ ടയര്‍ വഴിയില്‍ വച്ച് പഞ്ചറായി .പിന്നെയും അരമണിക്കൂര്‍ നിന്നിട്ട് വേറെ ഒരു ബസ്‌ വന്നു. അതില്‍ അവര്‍ കയറി യാത്ര തുടര്‍ന്നു. പോകുന്ന വഴിയിലൊക്കെ പണിക്കരെ ശപിച്ചു കൊണ്ടിരിക്കാന്‍ അവര്‍ മറന്നില്ല.
ഹോ.. ഇതെന്തൊരു ക്യൂ... അമ്പലനടയില്‍ നിന്നും ഇങ്ങേ അറ്റം വരെ അതെത്തിയിരിക്കുന്നു. വീണ്ടും അറിയാതെ പണിക്കരെ മനസ്സില്‍ ശപിച്ചു.
പൂമൂടല്‍ ഉള്ള ദിവസമായ കാരണം നട അടച്ചിരിക്കുന്നു ഒരു മണിക്കൂര്‍ കഴിഞ്ഞേ തുറക്കൂ. അപ്പോഴും അവര്‍ അയാളെ ശകുനം കണ്ട കലിപ്പ് തീര്‍ന്നിരുന്ന്നില്ല..... അങ്ങിനെ അവസാനം ഒന്നേകാല്‍ മണിക്ക് അമ്മയെ തൊഴുതു പ്രസാദം വാങ്ങി. തൊണ്ട വരണ്ടിട്ടു വയ്യ. എന്തെങ്കിലും കഴിക്കാമെന്ന് വച്ചു ഹോട്ടലുകളില്‍ കയറിയപ്പോള്‍ പല ഹോട്ടലുകളിലും ഭക്ഷണം കഴിഞ്ഞിരുന്നു. അവസാനം ഓരോ ചായയും വടയും കഴിച്ചു അവര്‍ക്ക് തൃപ്തി അടയേണ്ടി വന്നു.
അവിടെ നിന്നും അര മണിക്കൂറിനു ശേഷമുള്ള ബസ്സില്‍ കയറി അവര്‍ വീട്ടിലേക്കു തിരിച്ചു. വീട്ടിലെക്കുള്ള ഇടവഴിയിലേക്ക് തിരിയുമ്പോള്‍ മണി അഞ്ചു കഴിഞ്ഞിരുന്നു. കുറേ ദൂരം യാത്ര ചെയ്തു അമ്മുക്കുട്ടിയമ്മയുടെ ദേഹം തളര്‍ന്നിരുന്നു. യാത്രാക്ഷീണവും ഭക്ഷണം കഴിക്കാതെയിരിക്കുകയും ചെയ്തിട്ട് തലയൊക്കെ കറങ്ങുന്ന പോലെ...
പടിക്കല്‍ എത്തിയ അമ്മുക്കുട്ടിയമ്മ ഒന്ന് ഞെട്ടി. ദേ ഒരു അപശകുനം പോലെ വീണ്ടും പണിക്കര്‍ വീട്ടുമുറ്റത്ത്‌. ഭര്‍ത്താവിനോട് എന്തോ സംസാരിക്കുകയാണ്. മനസ്സില്‍ പ്രാകി പ്രാകി അവര്‍ പൂമുഖത്ത് കയറി. ഇത് വരെ ഉണ്ടായ മെനക്കെടലും ക്ഷീണവും വിശപ്പും എല്ലാം കൂടി അവരില്‍ പ്രതിഫലിച്ചു.
"എങ്ങിനെ ഉണ്ടായിരുന്നു യാത്ര?" പണിക്കരുടെ കുശലാന്വേഷണം കൂടി കേട്ടപ്പോള്‍ അവര്‍ക്ക് അവരെ തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. വായില്‍ വന്നതൊക്കെ അവര്‍ വിളിച്ചു കൂവി. ഭര്‍ത്താവും മകളും കലിതുള്ളുന്ന അവരെ ആ ഉദ്യമത്തില്‍ നിന്ന് തടയാന്‍ പലവുരു ശ്രമിച്ചു... പക്ഷെ അവര്‍ക്ക് ഫലം കാണാതെ പിന്തിരിയേണ്ടി വന്നു. കാരണം അത്രയും മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു അമ്മുക്കുട്ടിയമ്മ.
ഞാന്‍ എന്ത് തെറ്റാ അമ്മുക്കുട്ടിയമ്മേ നിങ്ങളോട് ചെയ്തെ? നിങ്ങള്‍ക്കെന്നല്ല ആര്‍ക്കും നല്ലത് ചെയ്യാന്‍ മാത്രമേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ.. എനിക്കിതൊക്കെ കേള്‍ക്കേണ്ട ഗതി വന്നല്ലോ ഭഗവാനെ.." അമ്മുക്കുട്ടിയമ്മ ഒന്ന് അടങ്ങിയപ്പോള്‍ മുറ്റത്തു അതെ വരെ അന്തം വിട്ടു നിന്നിരുന്ന പണിക്കര്‍ ഇതും പറഞ്ഞു തല കുമ്പിട്ടു പടിയിറങ്ങി പോയി.
പണിക്കര്‍ പോയ വഴി ഭര്‍ത്താവു നീലകണ്ഠന്‍ നായര്‍ അവരുടെ നേരെ ആക്രോശിച്ചു ,
"എന്താ നിനക്ക് ഭ്രാന്തുണ്ടോ എന്തെ ഇവിടെ ഉണ്ടായേ എന്ന് നിനക്കറിയാമോ? അയാളുടെ മകളെ കെട്ടിച്ചു കൊടുത്ത വീട്ടില്‍ അയാള്‍ ചെന്നപ്പോള്‍ അവിടെ അടുത്തുള്ളവര്‍ ഒരു നായര്‍ പെണ്‍കുട്ടിയെ വേണമെന്ന് പപറഞ്ഞു. ചൊവ്വാദോഷം ആണ് എന്നൊക്കെ അറിഞ്ഞപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ ആ ജാതകം ചേരുന്ന നല്ലൊരു പെണ്‍കുട്ടി ഉണ്ട് എന്ന് പറഞ്ഞു അവരെ കയ്യോടെ പിടിച്ചു കൂട്ടിക്കൊണ്ടു വന്നതായിരുന്നു പണിക്കര്‍. മോളെ കണ്ടു അവര്‍ക്ക് ഇഷ്ടമാകുക മാത്രമല്ല. ജാതകത്തില്‍ പത്തില്‍ ഒമ്പത് പൊരുത്തവും. .ചെക്കന്‍ ഗള്‍ഫില്‍ എഞ്ചിനീയര്‍ ആണ് .കുറെ പെണ്ണ് കണ്ടു നടന്നു ലീവ് ഒക്കെ കഴിയാറായി .അത് കൊണ്ട് ഇന്ന് തന്നെ ഞങ്ങളൊക്കെ ചര്‍ച്ച ചെയ്തു ഒരു തീരുമാനത്തില്‍ എത്തിയിട്ടാണ് നില്‍ക്കുന്നത്. അത്രയും നമ്മുടെ കുടുംബത്തിന് വേണ്ടി നല്ലൊരു കാര്യം ചെയ്ത ആ മനുഷ്യനെ ആണല്ലോ നിന്റെ ഒടുക്കത്തെ അന്ധവിശ്വാസം കൊണ്ട് വഴക്ക് പറഞ്ഞു ഇവിടെ നിന്ന് ഇറക്കി വിട്ടത്..."
അരയില്‍ കെട്ടിയിരുന്ന തോര്‍ത്ത് അഴിച്ചു ശക്തിയായി കുടഞ്ഞു കൊണ്ട് പല്ലും ഞെരിച്ചു നീലകണ്ഠന്‍ നായര്‍ അകത്തേക്ക് ചവിട്ടിത്തുള്ളി പോകുമ്പോള്‍ വാ പൊത്തിക്കൊണ്ട് വായു പോയ ബലൂണ്‍ പോലെ അമ്മുക്കുട്ടിയമ്മ ഒന്നാകെ അന്തം വിട്ടു നിന്നു.
--- മീനു

No comments:

Post a Comment