Wednesday 14 January 2015

പോയതെങ്ങു നീ??





സഖീ.. തിരയുന്നൂ ഓര്‍മ്മകള്‍ തന്‍ പുറ്റില്‍...
മന്ദസ്മിതം പൊഴിക്കും നിന്‍ ചുണ്ടിന്‍ കോണില്‍
ഞാനെറിഞ്ഞു വീഴ്ത്തിത്തന്ന കണ്ണിമാങ്ങകള്‍,
കറ പൊള്ളിച്ച പാടുകള്‍.
മഴ നനഞ്ഞു പള്ളിക്കൂടത്തില്‍ പോകവേ ,
വഴിയിലെയീ നാട്ടുമാവിന്‍ തണല്‍
കുളിരേകിയെന്നും നമ്മളെ മൂടവേ,
കാറ്റിലാടും കണ്ണിമാങ്ങാക്കൂട്ടങ്ങള്‍
വീശിയെറിഞ്ഞയെന്‍ കല്ലിനാലുതിരവേ,
മുല്ല മൊട്ടു പോല്‍ വിരിയും നിന്‍
പല്ലുകള്‍ കവര്‍ന്നിരുന്നുവെന്‍ മനം.
റോസാദളം പോലിരിക്കും കൈകളില്‍
രവിശങ്കരന്‍ മാഷിന്റെ ചൂരല്‍ വീഴ്ത്തിയ
ചോരപ്പാടുകളില്‍ പതിയെ തലോടുമ്പോഴാ
ഞാവല്‍പ്പഴക്കണ്ണുകളില്‍ നിന്നുമിറ്റിയ
അശ്രുകണങ്ങളെന്‍ ഹൃദയത്തില്‍ നൊമ്പരമായ്.
തോട്ടിലെ നീരില്‍ തുള്ളിക്കളിക്കും മീന്‍ കുഞ്ഞുങ്ങളെ
തോര്‍ത്താല്‍ കോരി കുമ്പിളിലിട്ടു തരുമ്പോഴും,
വരമ്പത്തെ ചെളി പുരണ്ട പാദങ്ങള്‍ കൈ കൊണ്ട്
വെള്ളം തെക്കിയോഴിച്ചു കഴുകിത്തരുമ്പോഴും,
നിന്‍ നിഷ്കളങ്കമാം ചിരിയെന്നുള്ളത്തില്‍
സന്തോഷത്തിന്‍ പുതുമഴകള്‍ പെയ്യിച്ചു.
ചെമ്മേ കിലുങ്ങും നിന്‍ കുപ്പിവളകളും
പാദസരങ്ങളുമെന്‍ സ്വപ്നത്തിനീണമേകി.
ഇന്നീ മാമരച്ചോട്ടില്‍ ഞാനിരുന്നേകനായ്
ഇമകളച്ചു നീണ്ട താടിയില്‍ തഴുകി കൊണ്ടും,
തിരയുന്നു സഖീ..അന്നെറിഞ്ഞു വീഴ്ത്തിത്തന്ന
കണ്ണിമാങ്ങകള്‍ കറ പൊള്ളിച്ച നിന്‍
മന്ദസ്മിതം പൊഴിക്കും ചുണ്ടിന്‍ കോണുകള്‍.
പൊട്ടിച്ചിരികളും കുപ്പിവളസ്വനങ്ങളും മാത്രം
മനസ്സിലവശേഷിപ്പിച്ചിന്നു പോയതെങ്ങു നീ??

No comments:

Post a Comment